ജോസ് പക്ഷത്തെ പുകഴ്ത്തുന്ന കെപിസിസി റിപ്പോര്‍ട്ടിനെതിരെ ജോസഫ് വിഭാഗം: തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമെന്ന് വിമര്‍ശനം

ജോസ് പക്ഷത്തെ പുകഴ്ത്തുന്ന കെപിസിസി റിപ്പോര്‍ട്ടിനെതിരെ ജോസഫ് വിഭാഗം: തങ്ങളെ  ഒറ്റപ്പെടുത്താനുള്ള ശ്രമമെന്ന് വിമര്‍ശനം

കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണമുണ്ടാക്കിയെന്ന കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെതിരെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് അതൃപ്തി.

ജോസ് കെ മാണി വിഭാഗത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടിലൂടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ജോസ് കെ മാണി നയിക്കുന്ന വിഭാഗമാണ് കെട്ടുറപ്പുള്ള പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് തന്നെ പരസ്യമായി പറയുകയാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ പരാതി.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടു മുന്‍പ് കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടത് കടുത്ത തിരിച്ചടിയുണ്ടാക്കിയെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മധ്യകേരളത്തിലെ വന്‍ തിരിച്ചടിക്ക് കാരണം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റമാണ്.

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റമുണ്ടാക്കിയ നഷ്ടം നികത്തുന്ന തരത്തില്‍ വോട്ട് നേടാന്‍ ജോസഫ് വിഭാഗത്തിനായില്ല. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യം പാളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളാ കോണ്‍ഗ്രസിനെ (എം) പിന്തുണയ്ക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയെ ഒറ്റപ്പെടുത്താനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിന്റെ ഭാഗമാണെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിലെ ഏത് വിഭാഗമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ശക്തമായ അനൈക്യം ഹൈക്കമാന്‍ഡ് പ്രതിനിധികളെയും അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒന്നും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ഘടകകക്ഷികളെ കുറ്റപ്പെടുത്തുകയാണ് എന്നാണ് ജോസഫ് ഗ്രൂപ്പ് ആരോപിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്ന പാലായിലെ ജയം ചൂണ്ടിക്കാട്ടിയാണ് ജോസഫ് വിഭാഗം അന്വേഷണ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കുന്നത്. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തി പാലായില്‍ മാണി സി കാപ്പനെ വിജയിപ്പിച്ചത് തങ്ങളുടെ ശക്തിക്കൊണ്ടാണെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.

പാലായ്ക്ക് പുറമേ മാണി ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ കടുത്തുരുത്തിയും നിലനിര്‍ത്താന്‍ കഴിഞ്ഞു. നിസാര വോട്ടുകള്‍ക്കാണ് പലയിടത്തും തോല്‍വി ഉണ്ടായതെന്നിരിക്കെ ജോസഫ് ഗ്രൂപ്പ് വോട്ട് സ്വരൂപിച്ചില്ലെന്ന് വിമര്‍ശിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും ജോസഫ് വിഭാഗം ചോദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.