സ്കൂളുകള്‍ ഞായറാഴ്ച തുറക്കും, അറിയാം വിവിധ എമിറേറ്റുകളിലെ മാർഗനിർദ്ദേശങ്ങള്‍

സ്കൂളുകള്‍ ഞായറാഴ്ച തുറക്കും, അറിയാം വിവിധ എമിറേറ്റുകളിലെ മാർഗനിർദ്ദേശങ്ങള്‍

ദുബായ്: മധ്യവേനല്‍ അവധി കഴി‍ഞ്ഞ് യുഎഇയിലെ സ്വകാര്യസ്കൂളുകള്‍ ആഗസ്റ്റ് 29 ഞായറാഴ്ച തുറക്കും. വിവിധ എമിറേറ്റുകള്‍ വ്യത്യസ്ത നി‍ർദ്ദേശങ്ങളാണ് നല്കിയിട്ടുളളത്. യുഎഇ വിദ്യാഭ്യാസമന്ത്രാലയം സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓരോ എമിറേറ്റിലെയും സ്കൂളുകള്‍ സംബന്ധിച്ചുളള കാര്യങ്ങളിലെ മാനദണ്ഡങ്ങള്‍ അതത് എമിറേറ്റുകള്‍ക്ക് തീരുമാനിക്കാമെന്നാണ് നിർദ്ദേശം.

അബുദബി
1. സ്കൂളുകളിലേക്ക് നേരിട്ടെത്തുന്ന വിദ്യാർത്ഥികള്‍‍ കോവിഡ് പിസിആർ പരിശോധനാ ഫലം ഹാജരാക്കണം. 14 ദിവസത്തിനുളളിലെ ഫലമായിരിക്കണം. നിശ്ചയദാർഢ്യക്കാ‍ർക്കും വാക്സിനെടുത്തവർക്കും ഇത് ബാധകമാണ്.

2. പതിനാറ് വയസിനും അതിന് മുകളിലുളള കുട്ടികള്‍ക്കും വാക്സിനേഷന്‍ നിർബന്ധമാണ്.

3. പതിനാറ് വയസുളള കുട്ടികള്‍, സ്കൂളുകളിലെത്തിയുളള പഠനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവരുടെ 16 പിറന്നാളിന് 4 ആഴ്ചക്കകം വാക്സിന്‍റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിരിക്കണം

4. ഗുരുതര അസുഖമുളള കുട്ടികള്‍ക്ക്, അവർ വാക്സിനെടുത്തവരല്ലെങ്കില്‍, സ്കൂളുകള്‍ ഇ ലേണിംഗ് നല്‍കുന്നുണ്ടെങ്കില്‍ അത് തുടരാം.

അബുദബി ഡിപാർട്മെന്‍റ് ഓഫ് എഡ്യുക്കേഷന്‍ ആന്‍റ് നോളജ് (അഡെക്) ന്‍റേതാണ് നിർദ്ദേശം.

ദുബായ്
1. ഒക്ടോബർ മൂന്ന് മുതല്‍ സ്കൂളുകളിലെത്തിയുളള പഠനമാണ് ദുബായിലെ സ്വകാര്യ സ്കൂളിലുണ്ടാവുക. ആരോഗ്യ കാരണങ്ങളാല്‍ ഇലേണിംഗ് തുടരാന്‍ ആഗ്രഹിക്കുന്നവർ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ആരോഗ്യ സാക്ഷ്യപത്രം വാങ്ങിയിരിക്കണം.

2. കുട്ടികള്‍ക്കും ജീവനക്കാ‍ർക്കും വാക്സിന്‍ നിർബന്ധമല്ല. എന്നാല്‍ വാക്സിനെടുക്കാത്ത ജീവനക്കാർ ഓരോ ആഴ്ചയിലും പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം

3. കുട്ടികള്‍ക്ക് പിസിആർ പരിശോധനയും നിർബന്ധമല്ല
ദുബായ് നോളജ് ആന്‍റ് ഹ്യൂമണ്‍ ഡെവലപ്മെന്‍റ് അതോറിറ്റി (കെഎച്ച്ഡിഎ) യുടേതാണ് നിർദ്ദേശം

ഷാർജ
ഷാ‍ർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി (എസ് പി ഇ എ)യും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

1. വിദ്യാർത്ഥികള്‍ക്ക് വാക്സിനേഷന്‍ നിർബന്ധമല്ല

2. അധ്യയനം ആരംഭിക്കുന്ന മുറയ്ക്ക് 12 വയസും അതിന് മുകളിലുമുളള കുട്ടികള്‍ക്ക് കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാഫലം ഹാജരാക്കണം. എന്നാല്‍ നിരന്തരമായ കോവിഡ് പരിശോധന ആവശ്യമില്ല

3. വിദ്യാഭ്യാസമേഖലയില്‍ ജോലിചെയ്യുന്നവരെല്ലാം വാക്സിനെടുത്തവരായിരിക്കണം. വാക്സിനെടുക്കാന്‍ കഴിയാത്തവർ അതുസംബന്ധിച്ച ആരോഗ്യ സാക്ഷ്യപത്രം ഹാജരാക്കണം. ആഴ്ചയിലൊരിക്കല്‍ പിസിആർ പരിശോധന നടത്തുകയും വേണം

4. ആഗ്രഹിക്കുന്നവർക്ക് ഇ ലേണിംഗ് തുടരാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.