ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത് പരിശോധിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത് പരിശോധിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അനുമതിയില്ലാതെ പിന്‍വലിച്ചത് പരിശോധിക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി. സെപ്റ്റംബര്‍ 2020ന് ശേഷം പിന്‍വലിച്ച ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ പരിശോധിക്കാനാണ് ഹൈക്കോടതികളോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ 36 കേസുകളാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്.

ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട കേസുകള്‍ പോലും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിച്ചതായി സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ കേസുകള്‍ പിന്‍വലിച്ചതിന്റെ വിശദശാംശങ്ങള്‍ ഹൈക്കോടതിക്ക് സംസ്ഥാന സര്‍ക്കാരുകള്‍ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണം. ഇവ പരിശോധിച്ച ശേഷം ഹൈക്കോടതികള്‍ക്ക് തുടര്‍നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 321-ാം വകുപ്പു പ്രകാരമാണ് കേസുകള്‍ പിന്‍വലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് അഞ്ച് കേസുകളും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഒരു കേസും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.