ചന്തയിൽ നിന്നാണോ പളളിയിൽ നിന്നാണോ കൊറോണ വരുന്നത്?

ചന്തയിൽ നിന്നാണോ  പളളിയിൽ നിന്നാണോ  കൊറോണ വരുന്നത്?

ഈ കഴിഞ്ഞ ദിവസം എൻ്റെ പഴയൊരു സഹപാഠി വിളിച്ചു. വിശേഷങ്ങൾ പലതും പങ്കുവച്ച കൂട്ടത്തിൽ ഞാനവളോട് ചോദിച്ചു: "മകൻ്റെ കാര്യം എന്തായി? ഈ വർഷം കഴിയുമ്പോൾ സെമിനാരിയിൽ ചേരാനുള്ളതാ..." ''അതിനെനിക്ക് യാതൊരു തടസവുമില്ല. അവന് ആഗ്രഹമുണ്ടെങ്കിൽ അച്ചൻ ധൈര്യമായ് കൊണ്ടുപൊയ്ക്കൊള്ളൂ." "എട്ടാം ക്ലാസു മുതൽ അവൻ ആഗ്രഹം പ്രകടിപ്പിക്കുന്നതാണ്. അമ്മയെന്ന നിലയിൽ അവനെ ഇതിന് പ്രോത്സാഹിപ്പിക്കുന്നുണ്ടോ?" എൻ്റെ ചോദ്യത്തിന്നവൾ വ്യക്തമായ മറുപടി തരാതിരുന്നപ്പോൾ ഞാൻ പറഞ്ഞു: ''മക്കൾക്കുള്ള ആഗ്രഹത്തെ ജ്വലിപ്പിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണെന്ന് മറക്കരുത്." ഇത്രയുമായപ്പോൾ അവൾ പറഞ്ഞു: ''എട്ടാം ക്ലാസിലെ ആഗ്രഹം ഇപ്പോൾ അവനുണ്ടോ എന്ന് സംശയമാണ്. കൊറോണ വന്നതിൽ പിന്നെ പള്ളിയിൽ പോക്ക് തീരെ കുറവാണ്." "അൾത്താര ബാലനായ അവന് പള്ളിയിൽ പോകാൻ അവസരമുണ്ടല്ലോ? ഇപ്പോഴാണെങ്കിൽ നാല്പതു പേർക്ക് പള്ളിയിൽ പോകാൻ അനുവാദവുമുണ്ട്. എന്നിട്ടും എന്തേ അവൻ പളളിയിൽ പോകാത്തത്"
അല്പം ഖേദത്തോടെയായിരുന്നു അവളുടെ മറുപടി. "അവസരങ്ങളൊക്കെയുണ്ടച്ചാ. എന്നാൽ അവൻ്റെ അമ്മാമ്മയാണ് ഇപ്പോൾ പള്ളിയിൽ പോകാൻ സമ്മതിക്കാത്തത്. അവർക്ക് പ്രായമേറെയായി അതുകൊണ്ട് പള്ളിയിൽ പോയി കൊറോണ കൊണ്ടുവരരുതെന്നാണ് പറയുന്നത്. ഞാനെന്തു ചെയ്യാനാ... അമ്മായിയമ്മയുമായ് വഴക്കിടാൻ എനിക്കു വയ്യ. കൂടാതെ ഭർത്താവാണെങ്കിൽ വിദേശത്താണുതാനും." "അവനെ നിങ്ങൾ സാധനങ്ങൾ വാങ്ങിക്കാൻ ചന്തയിൽ വിടാറുണ്ടോ?" ഞാൻ ചോദിച്ചു. "വിടാറുണ്ട്!" ചന്തയിൽ നിന്നാണോ... പള്ളിയിൽ നിന്നാണോ കൊറോണ കിട്ടാൻ സാധ്യതയെന്ന് ചിന്തിക്കുന്നത് നല്ലതാണെന്നും പറഞ്ഞ് ഞാനാ വിഷയത്തിന് വിരാമമിട്ടു. കൊറോണ വന്നതിൽ പിന്നെ കുട്ടികൾക്ക് കലാലയവും ദൈവാലയവും നഷ്ടമായിട്ടുണ്ട്. കലാലയങ്ങൾ തുറക്കാത്തതിനാൽ അതിനുള്ള അവസരങ്ങൾ കുറവാണ്. എന്നാൽ ദൈവാലയങ്ങൾ തുറന്നപ്പോൾ അവരെ പള്ളിയിൽ വിടാതിരിക്കുന്ന കാര്യത്തിൽ മാത്രമുള്ള അമിത ജാഗ്രത അത്ര നല്ലതാണെന്ന് തോന്നുന്നില്ല.
കല്യാണങ്ങൾക്കും വീടുകയറി താമസത്തിനും മറ്റ്‌ ആഘോഷങ്ങൾക്കുമൊക്കെ മക്കളെ പറഞ്ഞു വിടാമെങ്കിൽ അവരെ ദൈവാലയത്തിലേക്കും പറഞ്ഞു വിടണം. ഷോപ്പിങ്ങ് മാളുകളെക്കാളും പൊതു ഇടങ്ങളെക്കാളുമെല്ലാം എത്രയോ സുരക്ഷിതമാണ് നമ്മുടെ ദൈവാലയങ്ങൾ? പണ്ടൊരിക്കൽ തൻ്റെ അടുക്കൽ വരുന്നതിൽ നിന്ന് ശിശുക്കളെ വിലക്കിയ ശിഷ്യരോട് ക്രിസ്തു കയർത്തത് ഓർമയുണ്ടല്ലോ? "യേശു കോപിച്ച്‌ അവരോടു പറഞ്ഞു: ശിശുക്കള്‍ എന്റെ യടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്‌. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലുള്ളവരുടേതാണ്‌" (മര്‍ക്കോസ്‌ 10 : 14).
മഹാമാരിയുടെ നടുവിൽ ദൈവത്തിലേക്ക് തിരിയാൻ മക്കളെ പഠിപ്പിക്കേണ്ടവരും പ്രോത്സാഹിപ്പിക്കേണ്ടവരുമായ നമ്മൾ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ഒട്ടും നല്ലതെല്ലെന്ന് മാത്രം ഓർമിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26