കാബൂള്‍: വിമാനത്താവളത്തിന് സമീപം ഇരുപതോളം പേര്‍ കൊല്ലപ്പെടാനിടയാക്കിയ ഇരട്ട ചാവേര്‍ സ്‌ഫോടനം 'ഭീകര പ്രവര്‍ത്തനം' ആണെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും താലിബാന്‍. ഇസ്‌ളാമിക് സ്റ്റേറ്റ് ഭീകര പ്രസ്ഥാനമാകാം സംഭവത്തിനു പിന്നിലെന്ന സൂചനയാണ് താലിബാന്‍ പങ്കുവച്ചത്.ആക്രമണം ഐഎസ് നടത്തിയതാണെന്നു വിശ്വസിക്കുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥനും പറഞ്ഞു.
ഭീകരാക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഐ എസ് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. 'രാജ്യാന്തര സമൂഹത്തോട് താലിബാന്‍ പ്രതിജ്ഞാബദ്ധമാണ്. ഭീകരര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല' അദ്ദേഹം പറഞ്ഞു.യുഎസും യുകെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സ്‌ഫോടനങ്ങളുണ്ടായത്.
താലിബാന്റെ ക്രൂര ഭരണത്തില്‍നിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികള്‍ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴായിരുന്നു വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും ഒരു ഹോട്ടലിന് തൊട്ടു മുന്നിലും സ്‌ഫോടനം നടന്നത്. ഇരട്ട സ്‌ഫോടനങ്ങളില്‍ 13 നും 20 നും ഇടയില്‍ ആളുകള്‍ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ആദ്യ റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരുമെന്നും പറയപ്പെടുന്നു. യുഎസ് സൈന്യത്തിലെ അംഗങ്ങള്‍ക്കും പരുക്കേറ്റെങ്കിലും വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സ്‌ഫോടനങ്ങളെ തുടര്‍ന്ന്, അമേരിക്കന്‍ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തരമായി പ്രദേശം വിട്ടുപോകാന്‍ ഫ്രഞ്ച് സര്‍ക്കാരും പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.