30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിയ്ക്ക് വില്‍പനക്ക് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിയ്ക്ക് വില്‍പനക്ക് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുർ: ഹെലികോപ്ടര്‍ വില്‍പനക്ക് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. 2005-ൽ 30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിയ്ക്കാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വാങ്ങാനാളില്ലാതെ ഒരു പതിറ്റാണ്ടോളമായി പറക്കാതെ കിടക്കുന്ന അഗസ്റ്റ ഹെലികോപ്ടറാണ് വിൽക്കാൻ ശ്രമിക്കുന്നത്. ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്ന് 30 കോടി രൂപയ്ക്ക് വാങ്ങിയ ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വിഐപികൾക്കായി പ്രത്യേകം സജ്ജീകരിച്ചതായിരുന്നു.

എന്നാൽ 2011മുതൽ വിൽക്കാൻ ശ്രമിച്ചിട്ടും ആളെ കിട്ടാതെ ജയ്പൂരിൽ സൂക്ഷിച്ചിട്ടുള്ള ഹെലികോപ്ടർ ഉപയോഗശൂന്യമായി മാറികൊണ്ടിരിക്കുകയാണ്. ഇതോടെ ഇതിന്റെ യന്ത്രഭാഗങ്ങളും മറ്റു സാമഗ്രികളും കണക്കാക്കി പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. 12 തവണ വിൽക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനാൽ ഹെലികോപ്ടറിന്റെ വില 4.5 കോടിയായി സിവിൽ വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരുന്നു. 2005-ൽ വസുന്ധര രാജെസിന്ധ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഹെലികോപ്ടർ വാങ്ങിയത്.

2011-ൽ അശോക് ഗഹലോത്ത് മുഖ്യമന്ത്രിയായിരിക്കെ പറക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാർ ഹെലികോപ്ടറിനെ നിലത്തിറക്കാൻ കാരണമായി. അന്ന് ഗഹലോത്ത് കഷ്ടിച്ച് രക്ഷപെട്ടത്. അന്നത്തെ ആ യന്ത്രത്തകരാറിന് ശേഷം ഈ ഹെലികോപ്ടർ പിന്നീട് ഉപയോഗിച്ചിട്ടില്ല. പിന്നീട് വന്ന മുഖ്യമന്ത്രിമാരും ഹെലികോപ്റ്ററിനോട് താല്പര്യം കാണിച്ചില്ല.

രാജസ്ഥാൻ സർക്കാരിന് കഴിഞ്ഞ ഒരു ദശകമായി ഈ ഹെലികോപ്ടർ തലവേദന സൃഷ്ടിക്കുന്നുണ്ട്. 11 തവണ വിൽപ്പനക്ക് വെച്ചിട്ടും ആളെ കിട്ടാതായതോടെ അടുത്തിടെ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ ഒരു ഉന്നതതല യോഗം വിളിച്ചു. ഉദ്യോഗസ്ഥരിൽ നിന്ന് ഹെലികോപ്ടർ ഒഴിവാക്കുന്നതിനായി നിർദേശങ്ങൾ തേടി.

അവസാനം നിശ്ചയിച്ച വിലയിൽ നിന്ന് അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഭാവിയിലെ ഉപയോഗ സാധ്യതയും കണക്കിലെടുത്തു കൂട്ടിയും കിഴിച്ചും നിരക്കിൽ ടെൻഡർ നൽകാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദേശം നൽകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.