തിരുവനന്തപുരം: ക്വാറി ഉടമകള്‍ക്ക് വന്‍ തിരിച്ചടിയായി സുപ്രീംകോടതി നടപടി. സംസ്ഥാനത്ത് ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രം പാറമടകള്‍ അനുവദിക്കുന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി.
സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണ്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ പാലക്കാട് ജനവാസ മേഖലയ്‌ക്കരികില്‍ കരിങ്കല്‍ ക്വാറി തുടങ്ങുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിനും അയച്ചിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസ സ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലത്തിലും സ്ഫോടനം നടത്താത്തവ 100 മീറ്റര്‍ അകലത്തിലും മാത്രമെന്ന് ഉറപ്പാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവരുടെ നിലപാടിനെ പിന്തുണച്ച് സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കി.
എന്നാൽ സര്‍ക്കാരിനെ അറിയിക്കാതെ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതടക്കം വസ്‌തുതകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ ചൂണ്ടിക്കാട്ടിയതോടെ ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.