സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരെയും ഒഴിവാക്കുന്നു

 സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരെയും ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരെ ഒഴിവാക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടു(1857-1947)വിന്റെ അഞ്ചാം വാല്യത്തില്‍ നിന്നാണ് വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യുന്നത്. ഇതിനായുള്ള നിര്‍ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മൂന്നംഗ സമിതി മുന്നോട്ടു വെച്ചു.

1921ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്തവരെ കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ നവംബര്‍ 19-ന് തിരൂരില്‍ നിന്ന് ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 64 പേര്‍ മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. കലാപത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മുസ്ലിം വിഭാഗക്കാരായിരുന്നുവെങ്കിലും സ്വാതന്ത്യത്തിന് വേണ്ടിയുള്ള സമരത്തില്‍ ഹിന്ദു വിഭാഗക്കാരും പങ്കു ചേര്‍ന്നിരുന്നു.

വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരില്‍ കുന്നപ്പള്ളി അച്യുതന്‍ നായര്‍, മേലേടത്ത് ശങ്കരന്‍ നായര്‍, കിഴക്കിലാപാലത്തില്‍ താതന്‍ ഉണ്ണിപുരയന്‍, ചോലക്കരമ്പയില്‍ ചെട്ടി ചിപു എന്നിവര്‍ ഉള്‍പ്പെടെ 64 പേരെയും സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. വാഗണ്‍ ദുരന്തത്തിന് ഇരയായവര്‍ രക്തസാക്ഷികളാണെങ്കിലും സ്വതന്ത്ര്യ സമരസേനാനികളായി കണക്കാക്കാനാവില്ലെന്ന് ഐ.സി.എച്ച്.ആര്‍ പറയുന്നു. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്താനുള്ള യോഗ്യതയില്ലെന്ന് ഐ.സി.എച്ച്ആര്‍ അഭിപ്രായപ്പെട്ടു.

മലബാര്‍ കലാപമുണ്ടാകാനിടയായ കാരണത്തെ കുറിച്ചും അതിനോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും വാഗണ്‍ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചുമാണ് സമിതി വിശദമായി പരിശോധിച്ചത്. ദേശീയതയോ രാജ്യത്തിന്റെ സ്വാതന്ത്ര്യമോ സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നില്ലെന്നും ഒരു ഖിലാഫത്ത് സ്ഥാപിക്കുന്നതായിരുന്നു മലബാര്‍ കലാപത്തിന്റെ ഉദ്ദേശമെന്നും സമിതി ചൂണ്ടിക്കാട്ടി. സമാധാനപരമായുള്ള പ്രതിഷേധങ്ങള്‍ക്കുള്ള ദേശീയ സ്വതന്ത്ര്യ സമരനേതാക്കളുടെ ആഹ്വാനത്തെ അവഗണിച്ച് സമരം അക്രമാസക്തമാകുകയും ദുരന്തത്തിലേക്ക് നയിക്കുകയുമാണുണ്ടായതെന്ന് സമിതി വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.