പഠിപ്പു തീർന്ന് പള്ളിക്കൂടം വിട്ട്

പഠിപ്പു തീർന്ന് പള്ളിക്കൂടം വിട്ട്


അർക്കൻ തൻ്റെ ദൃഷ്ടിയാൽ മഞ്ഞിൻ കണങ്ങൾ മായിക്കും പോൽ കാലം അതിൻ്റെ അദൃശ്യ ശക്തിയാൽ ഓർമ്മകളാം മഞ്ഞിൽ കണങ്ങളെ മറവിയുടെ ദൃഷ്ടി ചാർത്തി മായിച്ചു കളയുമെങ്കിലും മിഴികളുടെ മാസ്മരികതയാൽ മനസ്സിൻ്റെ മടിത്തട്ടിൽ ചില ഓർമ്മകൾ മരത്തിൽ ഇത്തിൾക്കണ്ണികൾ പോൽ പറ്റിപിടിച്ചിരിക്കും പറിച്ചു മാറ്റാനാവാതെ. " മരിക്കാത്ത ഓർമ്മകൾ"

സ്കൂളിലെ 'ജനഗണമന' കഴിഞ്ഞുള്ള ബെല്ലിനായി കാതുകൂർപ്പിച്ചു നിൽക്കുന്നു സ്റ്റാർട്ടിംങ്ങ് പോയിൻ്റിൽ. ചുണ്ടൻവള്ളങ്ങൾ വിസിൽ മുഴക്കത്തിനായി കാത്തു നിൽക്കുന്നതു പോലെ കുതിക്കാൻ. മണിനാദം മുഴങ്ങുമ്പോൾ ഞൊടിയിടയിൽ ബെല്ലും ബ്രേക്കുമില്ലാതെ ബാഗും ചോറ്റുപാത്രവും തൂക്കി ഓടുകയായി കൂടു തുറന്നുവിട്ട തത്തയെപ്പോലെ. പിന്നീടങ്ങോട്ടു തിമിർത്തുള്ള ഒരു മണിക്കൂർ നടത്തമാണ്. നല്ല ഒരുപറ്റം ചങ്ങാതിമാരുമായി ചങ്ങാത്തം കൂടി ഇണങ്ങിയും പിണങ്ങിയും മിണ്ടിയും പറഞ്ഞും നീങ്ങുകയായി. രാവിലെ വീട്ടിൽ നിന്നും വിദ്യാലയത്തിലേക്കുള്ള യാത്ര അത്ര സുഖകരമല്ലെങ്കിൽകൂടി, വൈകിട്ടു വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്ര ആഘോഷത്തിൻ്റെ അലകൾ വിതറിയുള്ളതാണ്. കൂട്ടുകാരെ തല്ലിയും കളിയാക്കിയും കുശലം പറഞ്ഞും ഒക്കെ പതുക്കെ പതുക്കെ നടന്നു നീങ്ങുകയായി. അങ്ങനെ ചിരിച്ചു നീങ്ങുമ്പോൾ കയ്യിൽ തുട്ടുള്ള സഹപാഠിയോടു വല്ലാത്തൊരു മതിപ്പും സ്നേഹവുമാണ്. അതങ്ങനൊത്തിരി നീളുന്ന സ്നേഹമൊന്നുമല്ല കേട്ടോ, തെല്ലു നേരത്തേക്കു മാത്രമുള്ള പ്രണയം. അവനെ ആവുന്നത്ര പൊക്കി മയക്കി കുപ്പിയിലാക്കി യാത്രയിൽ കപ്പലണ്ടിയോ, സിപ്പപ്പോ, നാരങ്ങാ മിഠായിയോ ഒക്കെ വാങ്ങണം. കാര്യം കഴിയുമ്പോൾ പിന്നെ കൂട്ടുകാരൻ പണ്ടു നാരായണൻ കോരായണൻ ആയ പോലെയാകും ചിലപ്പോൾ. അതുവേറേ കാര്യം. കപ്പലണ്ടിയും കൊറിച്ചു കൊച്ചുവർത്തമാനവും പറഞ്ഞു മുന്നേറുന്ന ചെറു യാത്ര. ആടിതിമിർത്തു നീങ്ങുന്നു. അങ്ങനെ സന്തോഷത്തോടെ വീട്ടിലെത്തുമ്പോൾ അമ്മ ചായ റെഡിയാക്കി വച്ചിട്ടുണ്ടാകും, ചായയുടെ കൂടെ കടിയുമുണ്ടാകും പഴംപൊരിയോ, പരിപ്പുവടയോ, ഉഴുന്നുവടയോ ഒന്നുമില്ലെങ്കിലൊരു പുഴുങ്ങിയ കോഴിമുട്ടയെങ്കിലുമുണ്ടാവും. ഇതൊന്നും വീട്ടിലുണ്ടായിട്ടല്ല, കുഞ്ഞുങ്ങൾ പള്ളിക്കൂടം വിട്ടു വിശന്നു വരുമ്പോൾ കടം വാങ്ങി അപ്പച്ചൻ വാങ്ങിക്കൊണ്ടു വരുന്നതാണു കേട്ടോ. ഒരുപക്ഷേ പീടികയിൽ പറ്റുകൂടി കടക്കാരൻ്റെ നല്ല വർത്തമാനം വാങ്ങി കീശയിലിട്ടിട്ടാവും പൊതിയുമായുള്ള അപ്പച്ചൻ്റെ വരവ്. സ്മരണയുണ്ടോ ആവോ. കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷവും പുഞ്ചിരിയും കാണാനാണിതു സങ്കടങ്ങൾക്കിടയിലും അമ്മയും അപ്പനും ചെയ്യുന്നത്. വീട്ടിലെത്തിയ പാടെ ബാഗും ചോറ്റുപാത്രവുമൊക്കെ ദൂരെയെറിഞ്ഞു ഊണുമേശയുടെ അരികത്തേക്കോടിവരും ചിരിയോടെ.... മറ്റൊന്നിനുമല്ല അമ്മ റെഡിയാക്കി വച്ച ചായ കുടിക്കാനും, അപ്പൻ വാങ്ങിയ പലഹാരം കഴിക്കാനും. പലപ്പോഴും മേശക്കു ചുറ്റും ചങ്ങാതിമാരുമുണ്ടാകും. ഓർക്കണം അപ്പോഴും അമ്മക്കും അച്ഛനും ചായയുമില്ല, പരിപ്പുവടയുമില്ല. കുഞ്ഞുങ്ങൾ ആർത്തിയോടെ കഴിക്കുന്നതു കണ്ടു വയറു നിറഞ്ഞിട്ടുണ്ടു രണ്ടുപേരുടേയും. പലപ്പോഴും സങ്കടങ്ങളാൽ ഈറനണിയുന്ന നയനങ്ങളെ സ്നേഹത്തിൻ്റെ തൂവാലകൊണ്ടു തുടച്ചു മറയ്ക്കുകയാണവർ. സമാനതകളില്ലാത്ത സ്നേഹം. ആരോർക്കുന്നു ഇതൊക്കെ. സ്വന്തം പാത്രം കാലിയാക്കിയ ശേഷം അനിയത്തിക്കും ചേട്ടനും ഒക്കെയായി അമ്മ കരുതിയതു കൂടി അകത്താക്കിയശേഷം അറിയാത്ത മട്ടിൽ കൂട്ടുകാരുമായി ഒറ്റയോട്ടമാണു അടുത്ത സ്വീകരണ സ്ഥലത്തേക്ക്, അതായത് പാടത്തേക്കും പറമ്പിലേക്കും ഗ്രൗണ്ടിലേക്കും കളിക്കാൻ ആകാശപ്പറവകളെപ്പോലെ. അപ്പോൾ അമ്മ അലറി വിളിക്കും എടാ നീ എൻ്റെ കുഞ്ഞിനുള്ളതും തീർത്തോ, ആർത്തി പണ്ടാരമേ, ഇങ്ങു വാടാ നിനക്കു ഞാൻ വച്ചിട്ടുണ്ട്. കേട്ടപാതി, കേൾക്കാത്തപാതി ഓട്ടത്തോടോട്ടം, ആ ഓട്ടം നിൽക്കുന്നതു കളിസ്ഥലത്തു ചെന്ന ശേഷമാണ്. പിന്നീടു കൂട്ടുകാരുമൊത്തു വർത്തമാനങ്ങളും കളികളും. ക്രിക്കറ്റായി, ഫുഡ്ബോളായി, അതുമല്ലെങ്കിൽ വോളീബോളായി. കളിക്കാത്ത ചങ്ങാതിമാർ ഓരത്തിരുന്നു കളി ആസ്വദിച്ചു ചങ്ങാത്തം കൂടി രസിക്കുന്നു. അങ്ങനെപോകുന്നു....

കാലം ഒരുപാടു മുന്നോട്ടു നീങ്ങി. കാണം വിറ്റു കാര്യം കണ്ടിരുന്ന കാലമൊക്കെ മാറി. എല്ലാ വീടുകളിലും കൂടുതലൊന്നുമില്ലെങ്കിലും അല്ലലില്ലാതെ മുന്നോട്ടു പോകാനുള്ള മാർഗ്ഗമൊക്കെയായി. പിള്ളേരു സ്ക്കൂളുവിട്ടു വരുമ്പോൾ ചായപ്പൊടിയും പഞ്ചസാരയും പരിപ്പുവടയുമൊക്കെ കടം പറഞ്ഞു വാങ്ങുന്ന സ്ഥിതിവിശേഷമൊക്കെ മാറി. എപ്പോഴും പലവിധ പലഹാരങ്ങളും ചിപ്സുകളുമെല്ലാം സ്റ്റോക്കുണ്ടാവും വീട്ടിൽ. ആരു വന്നാലും പണ്ടത്തെപ്പോലെ വെപ്രാളപ്പെട്ടോടേണ്ട ആവശ്യമൊന്നും ഇന്നില്ല. ഒപ്പംതന്നെ അടുക്കളയിലെ ചട്ടിയിൽ മുളകിട്ട മീൻകറിയും വറുത്ത കോഴിയുമൊക്കെയുണ്ടാവും. പക്ഷേ അന്നത്തെപ്പോലെ അത്ര സുഹൃത്തുക്കളൊന്നും വീടുകളിൽ വരാറില്ല. വന്നാൽ തന്നെ കാര്യം പറഞ്ഞിട്ടു പെട്ടെന്നു മടങ്ങുകയും ചെയ്യും. കൂട്ടുകാരും വരുന്നവരും ഭക്ഷണമേശയുടെ ചാരത്തിരുന്നു സംസാരിക്കുമ്പോൾ മേശപ്പുറത്തു പല നിറത്തിലും ആകൃതിയിലുമുള്ള പലഹാരങ്ങൾക്കൊണ്ടു പൂക്കളം തീർന്നിരിക്കും. എന്നിരുന്നാലും ആരും അത്രയൊന്നും എടുക്കാറില്ല. പലഹാരങ്ങളുടെ ഭംഗി ആസ്വദിച്ചു മസ്സിലും പെരുപ്പിച്ചൊരിടത്തിരിപ്പായി മിക്കവാറും പേർ. സംസാരത്തിനിടയിൽ ചിലർ സ്പൂണുകൊണ്ടൊരു തെല്ലെടുത്തു രുചിച്ചാലായി. സംസാരങ്ങൾക്കോ പണ്ടത്തെ കുശലവും നർമ്മവുമൊക്കെ നഷ്ടമായി, എവിടെയും ഗൗരവത്തിൻ്റെ നിറം നിറഞ്ഞു. ഒത്തിരി നേരമെടുത്തുള്ള വട്ടമേശസമ്മേളനങ്ങൾക്കും പഴയപോലത്തെ പെരുമയില്ലാത്ത കാലം.

ഈ സമൃദ്ധിയിലും എന്തൊക്കെയോ, എവിടെയൊക്കെയോ നഷ്ടപ്പെട്ടതു പോലൊരു തോന്നൽ. കൂട്ടുകാരൻ്റെ പാത്രത്തിൽ നിന്നും ആവേശത്തോടെ കൈയ്യിട്ടു വാരുന്ന കരങ്ങൾക്കിന്നെന്തു പറ്റിയെന്നറിയില്ല. മനസ്സിൻ്റെ ആകകാമ്പിലൊരു നേരിയ വിങ്ങൽ. യാത്രയിൽ സ്നേഹമാം തനി തങ്കത്തിൻ്റെ മാറ്റു മങ്ങുന്നുവോ എന്ന നെഞ്ചിൻ്റെ നൊമ്പരം ബാക്കിയാക്കി നിർത്തുന്നു....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.