പാവങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പശുക്കള്‍ക്ക് ഭക്ഷണമായി

പാവങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പശുക്കള്‍ക്ക് ഭക്ഷണമായി

കണ്ണൂർ: ദരിദ്രർക്ക് റേഷൻകട വഴി കോവിഡ് കാലത്ത് വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ 596.7 ടൺ കടല പശുക്കള്‍ക്ക് ഭക്ഷണമായി. കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന സർക്കാർ സ്ഥാപനമായ കേരളാ ഫീഡ്സിന് റേഷൻ കടകളിലിരുന്ന് പഴകിപ്പോയ കടല ഉൽപ്പന്നങ്ങൾ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സപ്ലൈകോ ശേഖരിച്ച് സൗജന്യമായി നൽകുകയായിരുന്നു.

കിലോഗ്രാമിന് 65 രൂപ പ്രകാരം 3.8 കോടിയോളം വിപണിവില വരുന്നതായിരുന്നു കടല. ഇരിങ്ങാലക്കുട, കോഴിക്കോട്, കരുനാഗപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ ഫാക്ടറികളിലെത്തിച്ച് ഇതിനെ കാലിത്തീറ്റയാക്കി വിപണിയിൽ വിറ്റഴിക്കാൻ നൽകി. എന്നാൽ റേഷൻകടകളിൽനിന്ന് ശേഖരിച്ച് നൽകാനുള്ള വാഹനച്ചെലവ് മാത്രം കേരള ഫീഡ്സ് വഹിച്ചു. ദിവസം 1350 ടൺ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന ഫീഡ്സിന് ഇത് ചെറിയ അളവാണെങ്കിലും ഉത്തേരന്ത്യയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുവിന് ക്ഷാമം നേരിടുന്ന അവർക്ക് ഇത് സഹായമായി.

കഴിഞ്ഞ വർഷം ഏപ്രിൽ മുതലുള്ള ലോക്ഡൗൺ കാലത്ത് പാവങ്ങൾക്കുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ.) പ്രകാരം കിട്ടിയ കടലയാണിത്. മാസം ഒരു കിലോഗ്രാം വീതം നൽകുന്നതായിരുന്നു പദ്ധതി.

ആദ്യ രണ്ടുമാസം ചെറുപയറായിരുന്നു. അത് കൊടുത്തുതീർന്നു. പിന്നീടുള്ള മാസങ്ങളിലേക്ക് കടലയാണ് നൽകിയത്. കുറെപ്പേർ അത് വാങ്ങിയില്ല. അങ്ങനെ മിച്ചംവന്ന കടല സംസ്ഥാന സർക്കാരിന്റെ കിറ്റിൽപ്പെടുത്തി നൽകാൻ അനുമതിതേടി ജനുവരിയിൽത്തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും അനുമതി മേയ് മാസത്തിൽ മാത്രമാണ് കിട്ടിയതെന്നും സപ്ലൈകോ പറയുന്നു. എന്നാൽ, ഫെബ്രുവരിയിൽത്തന്നെ അനുമതി കിട്ടിയിരുന്നുവെന്നും റേഷൻ കടകളിൽനിന്ന് ശേഖരിക്കാൻ വൈകിയതാണ് കേടാകാൻ കാരണമെന്നും റേഷൻ ഷാപ്പ് ഉടമകൾ പറയുന്നു. ഗോഡൗണിലും കുറെ കടല കെട്ടിക്കിടന്ന് നശിച്ചതായി അവർ ആരോപിക്കുന്നു.

അതിദരിദ്ര വിഭാഗങ്ങളിൽപ്പെടുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിനും മറ്റ് മുൻഗണനാവിഭാഗങ്ങൾക്കും നൽകാനായിരുന്നു കേന്ദ്ര നിർദേശം.3903902 കാർഡ് ഉടമകളാണ് ഈ രണ്ട് വിഭാഗത്തിലുംകൂടി കേരളത്തിലുള്ളത്. ജനുവരിക്കുശേഷമുള്ള മാസങ്ങളിൽ കൂടി വിതരണം അനുവദിച്ചിരുന്നെങ്കിൽ റേഷൻ കടകളിൽനിന്നുതന്നെ ഇത് തീരുമായിരുന്നു.

സമാനരീതിയിൽ കേന്ദ്രം നൽകിയ അരിയും ഗോതമ്പും കുറെ മിച്ചം വന്നു. എന്നാൽ അത് മറ്റ് വിഭാഗങ്ങളിലേക്ക് വകയിരുത്തി വിതരണം ചെയ്ത് തീർത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.