മൈസൂരു കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ വൈകുന്നേരം 6.30 ശേഷം പുറത്തിറങ്ങരുതെന്ന് മൈസൂരു സര്‍വ്വകലാശാല

മൈസൂരു കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ വൈകുന്നേരം 6.30 ശേഷം പുറത്തിറങ്ങരുതെന്ന് മൈസൂരു സര്‍വ്വകലാശാല

മൈസുരു: മൈസൂരുവില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് മൈസുരു സര്‍വ്വകലാശാല. വൈകുന്നേരം 6.30ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന് സര്‍വ്വകലാശാല നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ സുരക്ഷക്കാണ് പുതിയ നിര്‍ദേശമെന്നാണ് സര്‍വ്വകലാശാലയുടെ വാദം.

അതേസമയം ആണ്‍കുട്ടികള്‍ക്കായി യാതൊരുവിധ നിര്‍ദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്‍കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാര്‍ ഓര്‍ഡര്‍ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി ഒന്‍പത് വരെ പ്രദേശം നിരീക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വൈകുന്നേരം 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റക്ക് പോകുന്നത് വിലക്കി. വിജനമായ സ്ഥലങ്ങളുള്ള ഈ ക്യാംപസിലെ പെണ്‍കുട്ടികളെക്കുറിച്ചുള്ള ആകുലത പൊലീസ് വകുപ്പ് ഉന്നയിച്ചതോടെയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറയുന്നു. വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോകരുതെന്നാണ് സര്‍ക്കുലറുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 24ന് രാത്രി ഏഴരയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചു വീഴ്ത്തി പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.