അമ്മയുടെ അക്കൗണ്ടില്‍നിന്ന് പബ്ജി കളിക്കാന്‍ ചെലവാക്കിയത് 10 ലക്ഷം; മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ വീട് വിട്ടിറങ്ങി 16കാരന്‍

അമ്മയുടെ അക്കൗണ്ടില്‍നിന്ന് പബ്ജി കളിക്കാന്‍ ചെലവാക്കിയത് 10 ലക്ഷം; മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ വീട് വിട്ടിറങ്ങി 16കാരന്‍

മുംബൈ: അമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പബ്ജി കളിക്കാൻ 10 ലക്ഷം രൂപ ചെലവാക്കി 16 കാരൻ. സംഭവമറിഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ കുട്ടി വീട് വിട്ടിറങ്ങി. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ പൊലീസ് പരാതി നൽകുകയും അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

മുംബൈ ജോഗേശ്വരി സ്വദേശിയായ 16കാരനെ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് പബ്ജി കളിക്കാനായി കുട്ടി 10 ലക്ഷം രൂപ ചെലവാക്കിയെന്നവിവരം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്.

പബ്ജി ഗെയിമിന് അടിമയായ 16കാരൻ ഗെയിം കളിക്കാനുള്ള വിർച്വൽ കറൻസി വാങ്ങാനും ഐ.ഡി സ്വന്തമാക്കാനുമാണ് ഇത്രയും പണം മുടക്കിയത്. പണമിടപാടിന്റെ വിവരം മാതാപിതാക്കൾ അറിഞ്ഞതോടെ ഇവർ കുട്ടിയെ വഴക്കുപറയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഒരു കത്ത് എഴുതിവെച്ച് 16കാരൻ വീട് വിട്ടിറങ്ങിയത്.
സൈബർ സെല്ലിന്റെയും മറ്റും സഹായത്തോടെയാണ് പൊലീസ് സംഘം സംഭവത്തിൽ അന്വേഷണത്തിൽ നടത്തിയത്. അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും ചെയ്തു. കൗൺസിലിങ് നൽകിയ ശേഷമാണ് കുട്ടിയെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്.
അതേസമയം കുട്ടികളുടെ മൊബൈൽ ഉപയോഗങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിരവധി മാതാപിതാക്കൾക്കാണ് ഇത്തരത്തിൽ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാകുന്നതെന്നും പൊലീസ് ഓർമ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.