ബിജെപിയില്‍ നിന്നും നേതാക്കളെത്തുന്നു; ഗോവന്‍ കാറ്റ് ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാകുന്നു

ബിജെപിയില്‍ നിന്നും നേതാക്കളെത്തുന്നു; ഗോവന്‍ കാറ്റ് ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാകുന്നു

പനാജി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടപ്പെട്ട ഗോവയില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയാണ് വച്ചു പുലര്‍ത്തുന്നത്. എന്തുവിലകൊടുത്തും സംസ്ഥാന ഭരണം പിടിക്കാന്‍ ഒരുക്കങ്ങളാരംഭിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ച് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്. ഒപ്പം പാര്‍ട്ടി വിട്ടവരും മടങ്ങി വരവിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റുകളില്‍ 17 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ മാത്രം കുറവ്. പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് കണക്കാക്കപ്പെടിരുന്നുവെങ്കിലും അവസാന നിമിഷം അട്ടിമറിയിലൂടെ ബിജെപി അധികാരത്തിലേറുകയായിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരെ ഒപ്പം നിര്‍ത്തിയായിരുന്നു 13 സീറ്റുകള്‍ നേടിയ ബിജെപിയുടെ അപ്രതീക്ഷിത നീക്കം.

ഭരണത്തിലേറിയ ബിജെപി കോണ്‍ഗ്രസില്‍ നിന്നും ഒറ്റയടിക്ക് 10 എംഎല്‍എമാരെ മറുകണ്ടം ചാടിച്ചു. കൊണ്ടായിരുന്നു ബിജെിയുടെ നീക്കം. ബിജെപിയുടെ ഈ 'കുതിരക്കച്ചവടത്തില്‍' പാടെ തകര്‍ക്കപ്പെട്ടെങ്കിലും ഗോവയില്‍ കോണ്‍ഗ്രസിന് ഇപ്പോഴും സ്വാധീനം ഉണ്ട്. ഇത്തവണ സംസ്ഥാനത്ത് സാഹചര്യങ്ങള്‍ അനുകൂലമാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതേസമയം കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഉയര്‍ത്തുന്ന രാഷ്ട്രീയ കൂടുമാറ്റങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതിനോടകം തന്നെ ഭരണകക്ഷിയില്‍ നിന്ന് മുന്‍ മന്ത്രിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി കഴിഞ്ഞു.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ബിജെപി എംഎല്‍എമാരുടെ വിശ്വസ്തരായ രണ്ട് നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് ചേരാന്‍ തയ്യാറെടുക്കുന്നത്. പനാജി എംഎല്‍എ അറ്റനാസിയോ മോണ്‍സററ്റേയുടെ വിശ്വസ്തരും മുന്‍ പനാജി മേയര്‍മാരുമായ മഡ്‌കൈകര്‍, ടോണി റോഡ്രിഗ്രസ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.

ഇവര്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയാല്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പനാജിയില്‍ നിന്നും തലൈഗാവോയില്‍ നിന്നും മത്സരിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് മഡ്‌കൈക്കറും റോഡ്രിഗസും പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി രണ്ടുപേരെയും പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് ഗിരീഷ് ചോഡങ്കറും പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തിലേറാനുള്ള അനൂകൂല സാഹചര്യങ്ങള്‍ ഉണ്ടെന്ന് ഗോവയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം പ്രതികരിച്ചു. ജനങ്ങള്‍ സംസ്ഥാനത്ത് ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനങ്ങളെ നിരാശപ്പെടുത്തില്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്ന കഠിനാധ്വാനികളായ ജനങ്ങളെ സേവിക്കാന്‍ താത്പര്യം കാണിക്കുന്ന നേതാക്കള്‍ക്കായിരിക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുകയെന്നും ചിദംബരം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.