കര്‍ണാല്‍: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കര്‍ഷകരും പൊലീസും തമ്മില്‍ ഹരിയാനയില്‍ കടുത്ത സംഘര്‍ഷം.
കര്‍ഷക സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പത്തിലേറെ കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഡൽഹിയിലേക്കുളള ദേശീയപാത ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് നേരെയാണ് കര്‍ണാലില്‍ പൊലീസ് നടപടി. സംഭവത്തില്‍ കോപാകുലരായ കര്‍ഷകര്‍ ഹരിയാനയില്‍ വിവിധ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. മുളകൊണ്ടുണ്ടാക്കിയ പരമ്പരാഗതമായി നിര്‍മ്മിക്കുന്ന കട്ടിലുകള്‍ നിരത്തി അതിലിരുന്നാണ് പലയിടത്തും പ്രതിഷേധം.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പങ്കെടുത്ത ബിജെപി യോഗത്തിന് നേരെ പ്രതിഷേധവുമായി എത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു.
കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ യോഗം നടക്കുന്ന ഹോട്ടലിന്റെ പുറത്ത് കര്‍ഷകര്‍ സംഘടിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
കര്‍ഷകര്‍ ബിജെപി നേതാക്കള്‍ക്ക് എതിരെ കരിങ്കൊടി കാണിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹമാണ് കര്‍ഷകരെ നേരിടാന്‍ അണിനിരന്നത്. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
മൃഗീയമായ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും സുപ്രീംകോടതി ഇടപെടലുണ്ടായിട്ടും കാര്‍ഷികബില്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനായിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.