ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാർ സമരത്തിലേക്ക്; 31 ന് പ്രതിഷേധ ദിനമായി ആചരിക്കും

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാർ സമരത്തിലേക്ക്; 31 ന് പ്രതിഷേധ ദിനമായി ആചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിലും ഡോക്ടര്‍മാരോട് സർക്കാരിന്റെ അനീതി. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ആചരിക്കാന്‍ കേരള ​ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.

സർക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി ആഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കും.രോ​ഗികളെ പരിചരിക്കുന്നത് ബാധിക്കാത്ത വിധത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉച്ചക്ക് ശേഷം രണ്ട് മുതല്‍ മൂന്ന് വരെ കെജിഎംഒഎ യുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നില്‍നിന്ന് പോരാടുകയാണ്. നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വസ്തുത വിലയിരുത്തി ആരോഗ്യ സംവിധാനങ്ങളെ നിലനിര്‍ത്തി കൊണ്ടുപോകുവാനും, ശക്തിപ്പെടുത്തുവാനുമുള്ള നയങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പുറത്തിറക്കിയ വാ‍ര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആരോഗ്യമേഖലയിലെ പ്രതിസന്ധികള്‍ നേരിടുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് ഭാവി തലമുറയ്ക്ക് കൂടി അനിവാര്യമായ ഒന്നാകുന്നു. എന്നാല്‍ കൊറോണ കാലത്ത് പോലും ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുന്നു എന്നുള്ളതാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അതീവ ദുര്‍ഘട സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും റിസ്ക് അലവന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റും നല്‍കി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയാണ്.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തില്‍ വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവന്‍സുകളും ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ്. ഇത് ആത്മാര്‍ത്ഥമായി ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഈ നീതി നിഷേധങ്ങള്‍ക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യര്‍ത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ പരസ്യ പ്രതികരണത്തിന് നിര്‍ബന്ധിതരാവുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.