കാറ്റഗറി നാലായി ശക്തി പ്രാപിച്ച് ഐഡ ചുഴലിക്കാറ്റ്; അമേരിക്കയിലെ ലൂയിസിയാനയില്‍നിന്ന് നിരവധി ആളുകള്‍ പലായനം ചെയ്തു

കാറ്റഗറി നാലായി ശക്തി പ്രാപിച്ച് ഐഡ ചുഴലിക്കാറ്റ്;  അമേരിക്കയിലെ ലൂയിസിയാനയില്‍നിന്ന്  നിരവധി ആളുകള്‍ പലായനം ചെയ്തു

മയാമി: മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ് ലൂയിസിയാനയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരത്തോടെ ലൂയിസിയാന തീരത്തെത്തുന്ന ഐഡ അപകടകരമായ കാറ്റഗറി നാല് ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍.എച്ച്.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നേക്കും. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. തീരത്തുള്ള ഗ്രാന്‍ഡ് ഐല്‍, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര്‍ മരിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

1850-കള്‍ക്ക് ശേഷം ലൂയിസിയാനയില്‍ വീശിയടിച്ച ഏറ്റവും ശക്തിയാര്‍ജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് നേരത്തെ ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഐഡ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും എല്ലാവിധ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.