കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം; ആളുകള്‍ ഒത്തുചേരുന്നിടത്ത് ആന്റിജന്‍ ടെസ്റ്റ്

കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം; ആളുകള്‍ ഒത്തുചേരുന്നിടത്ത് ആന്റിജന്‍ ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ രീതിയില്‍ മാറ്റം വരുന്നു. കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന കൂട്ടും. സാമൂഹിക സമ്പര്‍ക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും ആന്റിജന്‍ പരിശോധന നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിനു മുകളില്‍ പൂര്‍ത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗ ലക്ഷണമുള്ള എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. 80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ ജില്ലകളിലും തദ്ദേശസ്ഥാപന പ്രദേശങ്ങളിലും നിലവിലെ പരിശോധനാ രീതി തുടരും. ജില്ലകളിലെ വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഇറക്കിയ പുതിയ മാര്‍ഗ രേഖയിലാണ് ഇക്കാര്യം പറയുന്നത്.

80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് എടുത്ത ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നേരിയ തൊണ്ട വേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുക. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ എന്നീ കേന്ദ്രങ്ങളിലായിരിക്കും ആന്റിജന്‍ റാന്‍ഡം പരിശോധന.

രണ്ട് ഡോസ് വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗ ലക്ഷണമില്ലെങ്കില്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കും. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും. വാക്‌സിന്‍ എടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് എടുത്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുതുക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ലാബുകള്‍ സാംപിളുകളുടെ ഫലം എത്രയും വേഗം അപ്ലോഡ് ചെയ്യണം. കൃത്യമായി ചെയ്യാത്ത ലാബുകള്‍ക്കെതിരേ നടപടിയെടുക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.