കൈവിട്ട പ്രതിഷേധത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കൈവിട്ട പ്രതിഷേധത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്  ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷപ്പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കോൺഗ്രസിൽ പ്രതിഷേധം. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ വിമർശനവുമായെത്തി. എന്നാൽ കെ. സുധാകരനും വി.ഡി സതീശനും വിമർശനത്തെ പ്രതിരോധിച്ചതോടെ പാർട്ടി പ്രതിസന്ധിയിലായി.

അതേസമയം പരസ്യ പ്രതികരണങ്ങളിൽ അതൃപ്തിയറിയിച്ച് അധ്യക്ഷ സോണിയാ ഗാന്ധി ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഉൾപ്പെടെയുള്ള പ്രതികരണങ്ങളെക്കുറിച്ച് റിപ്പോർട്ട് തേടി. പ്രതിഷേധമുയർന്നെങ്കിലും അധ്യക്ഷപ്പട്ടിക നിശ്ചയിച്ചവരെ മാറ്റില്ലെന്നാണ് തീരുമാനം. എന്നാൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അത്തരം നിർദേശം മുന്നോട്ടുവെക്കുന്നുമില്ല.

ഹൈക്കമാൻഡിന്റെ ഇടപെടലിലാണ് എല്ലാവരുടെയും പ്രതീക്ഷ. അതേസമയം ഡി.സി.സി -കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികൾ ഇനി ബാക്കിയാണ്. മുതിർന്ന നേതാക്കൾ അകന്നുനിന്നാൽ ഇതിനുള്ള ചർച്ചയും ബഹളത്തിൽ എത്തും.

‘‘പട്ടിക സംബന്ധിച്ച്‌ ചർച്ച നടത്തിയെന്നുവരുത്തി. പിന്നീട് ചർച്ചയാകാമെന്ന്‌ പറഞ്ഞു. ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്’’ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ‘‘സ്ഥാനം കിട്ടുമ്പോൾ മാത്രം ഗ്രൂപ്പില്ല എന്നുപറയുന്നവരോട് യോജിപ്പില്ല. തർക്കങ്ങൾ കൂടിയാലോചിച്ച് പരിഹരിക്കേണ്ടതായിരുന്നു’’ എന്ന് ചെന്നിത്തല പറഞ്ഞു.
എന്നാൽ ഉമ്മൻചാണ്ടി പറയുന്നത്‌ ശരിയല്ലെന്നു തുറന്നടിച്ച് കെ. സുധാകരൻ രംഗത്തുവന്നു. രണ്ടുവട്ടം അദ്ദേഹവുമായും

ചെന്നിത്തലയുമായും ചർച്ച നടത്തിയെന്ന്, ഉമ്മൻചാണ്ടി നൽകിയ പേരുകളുടെ പട്ടിക ഉയർത്തിക്കാട്ടി സുധാകരൻ പറഞ്ഞു. പട്ടിക വരുമ്പോൾ പൊട്ടിത്തെറിക്കാൻ ആസൂത്രണം നടത്തിയവരാണ് വിമർശകരെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

മുമ്പു നടക്കാത്ത തരത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സോണിയയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.