ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പിഎഫ് അക്കൗണ്ടുകളില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് ഇ.പി.എഫ്.ഒ സമയപരിധി സെപ്റ്റംബര്‍ ഒന്ന് വരെ നീട്ടിയത്. ജൂണ്‍ ഒന്ന് വരെയായിരുന്ന സമയപരിധിയാണ് നീട്ടിയത്. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ഇപിഎഫ്‌ഒ വരിക്കാര്‍ക്ക് ലഭിക്കുന്ന യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഇപിഎഫ്‌ഒ അറിയിച്ചു.
ജീവനക്കാരുടെ പിഎഫ് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജീവനക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് തൊഴിലുടമയും പരിശോധിക്കണം. എങ്കില്‍ മാത്രമേ ഇപിഎഫ്‌ഒ വരിക്കാര്‍ക്ക് ഇലക്‌ട്രോണിക് ചലാന്‍ കം റിട്ടേണ്‍ ( ഇസിആര്‍) അനുവദിക്കുകയുള്ളൂവെന്ന് തൊഴിലുടമകള്‍ക്ക് ഇപിഎഫ്‌ഒ നിര്‍ദേശം നല്‍കി.
ആധാര്‍ നമ്പർ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന അവസ്ഥ വരാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.