തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ 893 പേര്‍ക്ക് ഏഴര മണിക്കൂറില്‍ നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആരോഗ്യ പ്രവര്‍ത്തകയെ കാണാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ കെ. പുഷ്പലതയ്ക്ക് ആണ് മന്ത്രിയെ കാണാൻ ഭാഗ്യം ലഭിച്ചത്.
പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യ്തു. 'വളരെ കഷ്ടപ്പെട്ടാണ് തനിക്കി ജോലി കിട്ടിയതെന്ന്' പുഷ്പലത മന്ത്രിയോട് പറഞ്ഞു. 'ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി'. പുഷ്പലത ഇതോടൊപ്പം ഒരു ഗാനവും പാടി.
' ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?' ഇത്രയും പാടിയപ്പോൾ തന്നെ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. മന്ത്രിയും സഹപ്രവർത്തകരും പുഷ്പലതയെ കയ്യടിച്ച് അഭിനന്ദിച്ചു.
പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടീം വര്‍ക്കാണ് തന്റെ പിന്‍ബലമെന്ന് പുഷ്പലത പറഞ്ഞു. ജെ.എച്ച്.ഐമാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും മന്ത്രി അഭിനന്ദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.