വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 13 അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ദുഃഖഭരിതമായ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ ഏറ്റു വാങ്ങി. പ്രാര്‍ത്ഥനയ്ക്കു ശേഷം ഓരോ യുവ സൈനികന്റെയും മൃതദേഹമടങ്ങിയ പേടകം ദേശീയ പതാകയില്‍ പൊതിഞ്ഞ് വിമാനത്തില്‍ നിന്നിറക്കവേ വലതുകരം നെഞ്ചില്‍ വച്ച് കണ്ണുകളടച്ച് പ്രസിഡന്റ് വികാരഭരിതനായി നിന്നു.
പ്രഥമ വനിത ജില്‍ ബൈഡനോടൊപ്പമാണ് വൈറ്റ് ഹൗസില്‍ നിന്ന് എയര്‍ഫോഴ്‌സ് വണ്ണില്‍, കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ ഒരിക്കലും ആഗ്രഹിക്കാത്ത സന്ദര്‍ഭത്തിനു സാക്ഷിയാകാന്‍ പ്രസിഡന്റ് ഡോവര്‍ എയര്‍ഫോഴ്‌സ് ബേസിലെത്തിയത്. സാധാരണ ധരിക്കാറുള്ള നീല സ്യൂട്ടിനു പകരം കറുത്ത ആയിരുന്നു ബൈഡന്റെ വേഷം. പ്രഥമ വനിതയ്ക്കു പുറമേ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍ , ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് എ മില്ലി തുടങ്ങിയവരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ എയര്‍ഫോഴ്‌സ് ബേസിലുണ്ടായിരുന്നു.വാവിട്ട് കരഞ്ഞുകൊണ്ടിരുന്ന സൈനിക കുടുംബാംഗങ്ങളെ പ്രസിഡന്റ് ആശ്വസിപ്പിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ അനുബന്ധ സംഘടനയില്‍ നിന്നുള്ള ചാവേര്‍ ബോംബ് പൊട്ടി പതിനൊന്ന് മറീനുകളും ഒരു ആര്‍മി സൈനികനും ഒരു നാവിക സേനാംഗവും 200 ഓളം അഫ്ഗാനികളുമാണ് വ്യാഴാഴ്ച മരിച്ചത്. മരിച്ച സൈനികരില്‍ അഞ്ച് പേര്‍ കാലിഫോര്‍ണിയക്കാരാണ്. ബാക്കിയുള്ളവര്‍ ഇന്‍ഡ്യാന, മസാച്ചുസെറ്റ്‌സ്, മിസോറി, നെബ്രാസ്‌ക, ഒഹായോ, ടെന്നസി, ടെക്‌സാസ്, വ്യോമിംഗ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും.
ഇതിനിടെ കാബൂളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ റൈലിയുടെ മാതാവ് കാത്തി മക്കോല്ലം ഒരു ജനകീയ റേഡിയോ പരിപാടിയില്‍ ബൈഡനെതിരേ പൊട്ടിത്തെറിച്ചു. ബൈഡന് വോട്ട് ചെയ്ത വോട്ടര്‍മാരാണ് തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന് 'വില്‍ക്കൊ മജോറിറ്റി' ഷോയില്‍ അവര്‍ രോഷത്തോടെ അഭിപ്രായപ്പെട്ടു. മകന്റെ മരണത്തിന് കാരണക്കാരന്‍ 'ഡിമെന്‍ഷ്യ ബാധിച്ച' ബൈഡനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപത് വര്‍ഷവും ആറു മാസവും പ്രായമുള്ള മകന്‍ റൈലന്‍ തനിക്ക് ജനിക്കാനിരിക്കുന്ന മകനെ കാണുവാന്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ബൈഡന്‍ കാബൂളിലേക്കയച്ചത്- വികാരം അടക്കാനാവാതെ കാത്തി പറഞ്ഞു.'രണ്ട് സൈനികര്‍ എന്റെ വീടിന്റെ മുന്‍വശത്തുള്ള ഡോറില്‍ മുട്ടിവിളിച്ചാണ് റൈലന്‍ മരിച്ച വിവരം അറിയിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ഉണര്‍ന്ന സമയത്താണ് അവര്‍ എത്തിയത്. ബൈഡന്‍ മാത്രമല്ല, ബൈഡനെ പ്രസിഡന്റാക്കിയ ഡമോക്രാറ്റുകളും എന്റെ മകന്റെ മരണത്തില്‍ പങ്കുകാരാണ്'.ബൈഡന്‍ ഇതുവരെ അമേരിക്കന്‍ പ്രഡിന്റാണെന്ന് തോന്നിയിട്ടില്ല. ഇപ്പോഴും സെനറ്ററാണെന്നാണ്് ബൈഡന്റെ വിചാരമെന്ന് കാത്തി പറഞ്ഞു.
അതേസമയം, റൈലന്റെ ഗര്‍ഭിണിയായ ഭാര്യയേയും ജനിക്കാനിരിക്കുന്ന മകനേയും സംരക്ഷിക്കുന്നതിനുള്ള ഫണ്ട് ശേഖരണം മുന്നേറുകയാണ്. ഇതിനോടകം തന്നെ 500,00 ഡോളര്‍ സമാഹരിക്കാനായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.