91-ാം വയസ്സിലും അതിരാവിലെ വഴിയോരത്തെ ചെടികള്‍ പരിപാലിക്കുന്ന ബാബ: വീഡിയോ

91-ാം വയസ്സിലും അതിരാവിലെ വഴിയോരത്തെ ചെടികള്‍ പരിപാലിക്കുന്ന ബാബ: വീഡിയോ

 ചിലരങ്ങനെയാണ്, ജീവിതം കൊണ്ട് വലിയ സന്ദേശം നല്‍കുന്നവര്‍. അതും നന്മയുടെ സന്ദേശം. തന്റെ 91-ാം വയസ്സിലും ചെടികള്‍ പരിപാലിക്കുന്ന ഒരു മുത്തച്ഛനാണ് സൈബര്‍ ഇടങ്ങളുടെ മനസ്സ് നിറയ്ക്കുന്നത്. ചെയ്യുന്നത് ഒരു ചെറിയ കാര്യമാണെങ്കില്‍ കൂടിയും അനേകര്‍ക്ക് പ്രചോദനമാവുകയാണ് ബാബ എന്ന മുത്തച്ഛന്‍.

ഡല്‍ഹിയിലെ ഗുഡ്ഗാവ് സ്വദേശിയാണ് ബാബ. 91 വയസ്സായതുകൊണ്ടു തന്നെ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട് അദ്ദേഹത്തിന്. നടുവേദനയുള്ളതിനാല്‍ ബെല്‍റ്റ് ധരിച്ചാണ് അദ്ദേഹത്തിന്റെ നടപ്പ്. മാത്രമല്ല ഒരു വടിയുമുണ്ട് സഹായത്തിന്. എല്ലാ ദിവസവും പതിവ് തെറ്റാതെ അദ്ദേഹം തെരുവിലേക്ക് ഇറങ്ങും. അതും പുലര്‍ച്ചെ നാല് മണിക്ക്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വഴിയരികില്‍ നട്ടിരിക്കുന്ന ചെടികളാണ് ബാബ നനയ്ക്കുന്നത്. ചെറിയ ഒരു കപ്പില്‍ വെള്ളം നിറച്ച് ഓരോ ചെടികള്‍ക്ക് ചുവട്ടിലും കൊണ്ടുപോയി ഒഴിക്കും. ഈ ശീലത്തിന് ഒരു ദിവസം പോലും ബാബ മുടക്കം വരുത്തിയിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം.

ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സാങ്വാനാണ് കഴിഞ്ഞ ദിവസം ബാബ ചെടികള്‍ നനയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിപ്പേരാണ് ബാബയുടെ വലിയ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. 'ശാരീരിക അവശകള്‍ പോലും മറന്ന് ചെടികള്‍ നനയ്ക്കുന്നതിനായി തെരുവിലേക്കിറങ്ങുന്ന ഈ 91 കാരന് ഹൃദയത്തില്‍ നിന്നും സല്യൂട്ട്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു ഈ വീഡിയോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.