പ്രതിഷേധം വിനയാകുമോ?.. ചെന്നിത്തലയ്ക്ക് ദേശീയ പദവി നല്‍കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

പ്രതിഷേധം വിനയാകുമോ?.. ചെന്നിത്തലയ്ക്ക് ദേശീയ പദവി നല്‍കുന്നതില്‍ അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് നിയോഗിക്കുന്ന വിഷയത്തില്‍ എഐസിസിയില്‍ ഭിന്നത. ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം. കേരളത്തിലെ കോണ്‍ഗ്രസില്‍ അടുത്തയിടെ നടന്ന സംഭവ വികാസങ്ങളില്‍ രമേശ് ചെന്നിത്തല സ്വീകരിച്ച വിരുദ്ധ നിലപാടാണ് രാഹുല്‍ ഗാന്ധിയുടെ അതൃപ്തിക്ക് കാരണമായത്.

എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക്. സംഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്തുള്ള രമേശ് ചെന്നിത്തലയുടെ മുന്‍പരിചയം പാര്‍ട്ടി ഉപയോഗിക്കണമെന്നാണ് കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ നിലപാട്. പല മുതിര്‍ന്ന നേതാക്കളും തങ്ങളുടെ നിലപാടുകള്‍ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.

പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതു മുതല്‍ ഹൈക്കമാന്‍ഡുമായി അകന്ന ചെന്നിത്തല സംസ്ഥാന കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പരസ്യ പ്രസ്താവന കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു. കെ.സി വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ അവസാന നിമിഷം മാറ്റി രമേശ് നല്‍കിയ പേര് ആലപ്പുഴയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു. ഇത് പോലും പരിഗണിക്കാതെ രമേശ് ചെന്നിത്തല നടത്തിയ പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിയ്ക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.എസ് പ്രശാന്ത് ഇന്നും കെ.സി വേണുഗോപാലിനും പാലോട് രവിക്കുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളുടെ മുഖ്യകാരണം കെ.സി വേണുഗോപാലാണന്ന് ആവര്‍ത്തിച്ച പ്രശാന്ത് താന്‍ പാര്‍ട്ടി വിട്ടതായും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.