'ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; വെബ്‌സൈറ്റിന് രൂപം നല്‍കണം': സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

 'ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; വെബ്‌സൈറ്റിന് രൂപം നല്‍കണം': സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദേശം. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ക്ലാസുകള്‍ നഷ്ടപ്പെടരുത്. ഇതു സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു.

വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും മാതാപിതാക്കളുമാണ് കോടതിയെ സമീപിച്ചത്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ പഠനം തടസപ്പെടുന്നു എന്നതാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സൗകര്യങ്ങള്‍ ഇല്ലെന്ന കാര്യം കുട്ടികള്‍ക്ക് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പ്രത്യേക വെബ് സൈറ്റ് ആലോചിക്കണം. വെബ്സൈറ്റില്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ക്കും വിശദാംശങ്ങള്‍ കൈമാറാന്‍ സാധിക്കണം. ഇതുവഴി കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദേശ മലയാളികള്‍ എന്നിവര്‍ക്ക് സഹായിക്കാന്‍ സാധിക്കും. ഇതിനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. സംസ്ഥാന ഐ.ടി മിഷനുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

വെബ്സൈറ്റിന് രൂപം നല്‍കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനും ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു. ഈയാഴ്ച തന്നെ കേസ് വീണ്ടും കോടതി പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.