'സിനഡ് തീരുമാനങ്ങളെക്കുറിച്ചുള്ള അസത്യ പ്രചാരണങ്ങള്‍ അപലപനീയം; ഭിന്നതയുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്': മാധ്യമ കമ്മീഷന്‍

 'സിനഡ് തീരുമാനങ്ങളെക്കുറിച്ചുള്ള അസത്യ പ്രചാരണങ്ങള്‍ അപലപനീയം; ഭിന്നതയുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്': മാധ്യമ കമ്മീഷന്‍

മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന് വിരുദ്ധമായൊരു തീരുമാനമെടുക്കാന്‍ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്‌ഠേനയുള്ള നിലപാടാണ്. 1999 ല്‍ സിനഡ് ഐക്യകണ്‌ഠേന എടുത്തതും 2020 ല്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയുടെ ഏകീകരണത്തെക്കുറിച്ചുള്ള തീരുമാനം ഉടനടി നടപ്പിലാക്കാനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടത്. അതിനാല്‍ തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളും അതിനുള്ള തിയതിയും നിശ്ചയിക്കുക എന്നതു മാത്രമായിരുന്നു ഈ സിനഡിന്റെ ചര്‍ച്ചാ വിഷയം.

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ചില കോണുകളില്‍ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

സിനഡിന്റെ തീരുമാനങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാത്ത വിധം അറിയിച്ചിരുന്നു. സിനഡാനന്തര ഇടയ ലേഖനവും പ്രസ്താവനയും ഏവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സിനഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വീകരിക്കാനും നടപ്പിലാക്കാനും സഭാംഗങ്ങള്‍ പൊതുവില്‍ പ്രകടമാക്കിയ ഔത്സുക്യം അഭിനന്ദനാര്‍ഹമാണ്.

എന്നാല്‍ ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സിനഡിന്റെ മൂന്നിലൊന്ന് പിതാക്കന്‍മാര്‍ എതിര്‍ത്തിട്ടും ഭൂരിപക്ഷ തീരുമാനം നിര്‍ബന്ധിതമായി നടപ്പിലാക്കി എന്ന അര്‍ത്ഥത്തിലുള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്ന രൂപതകളിലെ പിതാക്കന്മാര്‍ സിനഡല്‍ തീരുമാനം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികളെക്കുറിച്ച് സിനഡില്‍ അഭിപ്രായം പങ്കുവച്ചു എന്നുള്ളത് സത്യമാണ്.

എന്നാല്‍ മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിന് വിരുദ്ധമായൊരു തീരുമാനമെടുക്കാന്‍ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്‌ഠേനയുള്ള നിലപാടാണ്. 1999 ല്‍ സിനഡ് ഐക്യകണ്‌ഠേന എടുത്തതും 2020 ല്‍ ആവര്‍ത്തിച്ച് അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയുടെ ഏകീകരണത്തെക്കുറിച്ചുള്ള തീരുമാനം ഉടനടി നടപ്പിലാക്കാനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടത്. അതിനാല്‍ തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളും അതിനുള്ള തിയതിയും നിശ്ചയിക്കുക എന്നതു മാത്രമായിരുന്നു ഈ സിനഡിന്റെ ചര്‍ച്ചാ വിഷയം.

സിനഡിലെ ചര്‍ച്ചകള്‍ സഭയുടെ കൂട്ടായ്മയും ഐക്യവും സവിശേഷമാം വിധം പ്രകടമാക്കുന്നതായിരുന്നു. സഭയിലെ ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ ഈ തീരുമാനം നടപ്പിലാക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സിനഡ് അനുഭാവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. ഏകീകരിച്ച ബലിയര്‍പ്പണ രീതി നടപ്പിലാക്കുന്നതിലൂടെ സഭയില്‍ കൈവരുന്ന ഐക്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പ്രദേശങ്ങളില്‍ നിന്ന് തുടക്കത്തില്‍ ഉണ്ടാകാനിടയുള്ള എതിര്‍പ്പുകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്ന കാര്യത്തിലും സിനഡില്‍ പൊതുധാരണയിലെത്തിയിരുന്നു.

സിനഡല്‍ തീരുമാനത്തോട് വിയോജിപ്പുള്ളവര്‍ക്ക് അത് പ്രകടമാക്കാന്‍ കാനോനിക മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവകാശവും അവസരവും ഉണ്ട്. എന്നാല്‍ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് സഭയുടെ അച്ചടക്കത്തിനും കെട്ടുറപ്പിനും ചേര്‍ന്നതല്ല. സഭാ ഗാത്രത്തില്‍ ഭിന്നതയും അസ്വസ്ഥതയും പടര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുത്.

ഇത്തരം തെറ്റായ പ്രചരണം മൂലം തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ എല്ലാ വിശ്വാസികളും ജാഗ്രത പാലിക്കണം. സിനഡല്‍ തീരുമാനത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മീഡിയ കമ്മീഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

വിശുദ്ധ കുര്‍ബാനയര്‍പ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ തികച്ചും ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സഭാതലത്തില്‍ ഒതുക്കി നിര്‍ത്തേണ്ടതുമാണ്. അത് മാധ്യമ വിശകലനത്തിന് വിധേയമാക്കേണ്ട വിഷയമല്ല.

അതിനാല്‍ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട സിനഡിന്റെ തീരുമാനം വിവാദമാക്കി മാധ്യമങ്ങളിലൂടെ അവതരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വകമായ ശ്രമങ്ങള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മാധ്യമ കമ്മീഷന്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.