ദുബായ് : ലോകം കാത്തിരിക്കുന്ന എക്സ്പോ 2020 യ്ക്ക് അരങ്ങുണരാന്‍ ഇനി ഒരുമാസം. ഒക്ബോർ ഒന്നിനാണ് എക്സ്പോ ആരംഭിക്കുക. മഹാമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക് നീങ്ങുകയാണ് യുഎഇയും ദുബായും. മേളയിലേക്ക് 25 ദശലക്ഷത്തിലധികം പേരെത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലൊരുക്കിയാണ് മഹാമേളയെ വരവേല്‍ക്കാന്‍ യുഎഇ തയ്യാറെടുക്കുന്നത്.
കാഴ്ചകളുടെ കൗതുകമാസ്വദിക്കാന്‍ പദ്ധതി തയ്യാറാക്കാം
ആസ്വാദകർക്ക് കാഴ്ചയുടെ വിസ്മയമാകും എക്സ്പോ ഒരുക്കുക. വിനോദങ്ങളും വിരുന്നുകളും വിട്ടുപോകാതെ ആസ്വദിക്കാന്‍ സ്മാർട് സംവിധാനം ഒരുക്കുന്നുണ്ട് എക്സ്പോ അധികൃതർ. ഓരോ ദിവസത്തേയും യാത്ര എങ്ങനെയായിരിക്കണം എന്നതടക്കമുളള കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനുളള സൗകര്യമാണ് ഇതിലൂടെ സജ്ജമാക്കുന്നത്. സന്ദർശകർക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരും വോളണ്ടിയർമാരുമുണ്ടാകും.
കോവിഡ് വാക്സിന്‍ രേഖകള്‍ നിർബന്ധമല്ല
എക്സ്പോയ്ക്ക് എത്തുന്നവർ കോവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്ന നിർബന്ധമില്ല. കോവിഡ് പരിശോധനകള്‍ നടത്തിയിരിക്കണമെന്നും നിർബന്ധമില്ല. മേളയിലുടനീളം സാമൂഹിക അകലം പാലിക്കണമെന്നതടക്കമുളള സന്ദേശങ്ങള്‍ പതിച്ചിരിക്കും. ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പോലീസ് തുടങ്ങിയ സംയുക്തമായാണ് എക്സ്പോയ്ക്കായി എമിറേറ്റിനെ സജ്ജമാക്കുന്നത്. എക്സ്പോ വേദിയില്‍ സേവനം നടത്തുന്ന ജീവനക്കാരെല്ലാം കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കും. എക്സ്പോ വേദിയില്‍ വളരെ വലിയ തോതില്‍ തന്നെ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
എക്സ്പോയിലെത്തുന്നവർക്ക് സാമൂഹിക അകലം പാലിക്കാന്‍ സഹായകരമാവുക നിർമ്മിത ബുദ്ധിയുടെ സഹായം. ക്രൗഡ് പട്രോളിംഗ് റോബോട്ടുകള്‍ നിയന്ത്രിക്കും. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എക്സ്പോ സജ്ജമാക്കുന്നത്
മാർച്ച് 31 വരെ നീണ്ടുനില്‍ക്കുന്ന എക്സ്പോ സന്ദർകർക്ക് നവ്യാനുഭവമാകും. ഒരു ദിവസം എക്സ്പോ സന്ദർശിക്കാന്‍ 95 ദിർഹമാണ് നിരക്ക്. 30 ദിവസത്തില്‍ എക്സ്പോ വേദിയിലെത്താന്‍ 195 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അതേസമയം ആറുമാസം നീണ്ടുനില്‍ക്കുന്ന എക്സ്പോയിലേക്ക് ആദ്യവസാനം പ്രവേശനം വേണമെങ്കില്‍ 495 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 18 വയസിന് താഴെയുളള വിദ്യാർത്ഥികള്‍ക്ക് അവർ പഠിക്കുന്ന സ്ഥാപനത്തിന്‍റെ ഐഡിയുണ്ടെങ്കില്‍ പ്രവേശനം സൗജന്യമാണ്. 60 വയസിനു മുകളിലുളള മുതിർന്ന പൗരന്മാർക്കും സൗജന്യമാണ് പ്രവേശനം. ഇവരെ അനുഗമിക്കുന്ന ഒരാള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും.expo2020dubai.com എന്നതിലൂടെയോ 2500 ഔദ്യോഗിക കേന്ദ്രങ്ങളിലൂടെയും ടിക്കറ്റുകള്‍ ലഭിക്കും. 1000 ത്തോളം അന്താരാഷ്ട്ര -പ്രാദേശിക മാധ്യമങ്ങളും എക്സ്പോയുടെ ഭാഗമാകും. രാവിലെ 10 മുതല്‍ രാത്രി ഒരുമണിവരെയാണ് എക്സ്പോ സന്ദർശന സമയം. വെളളി ശനി ദിവസങ്ങളില്‍ ഇത് രണ്ടുമണിവരെയാകും.
പൊതു ഗതാഗതം സജ്ജം
എക്സ്പോ വേദിയിലേക്ക് എത്താനുളള സൗകര്യത്തിന് മെട്രോ സർവ്വീസ് റൂട്ട് 2020 നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. എക്സ്പോയുടെ 3 പ്രധാന ഗേറ്റുകളിലേക്ക് വിവിധ മേഖലകളിൽ നിന്നു ബസുകളിൽ എത്താം. ഇതര എമിറേറ്റുകളിൽ നിന്നും എക്സ്പോയിലേക്ക് എത്താം. ദുബായിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് എക്സ്പോ വേദിയിലേക്ക് സൗജന്യമായെത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.