കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടണമെന്ന് തമിഴ്‌നാടിനോടും കര്‍ണാടകയോടും കേന്ദ്രം

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടണമെന്ന് തമിഴ്‌നാടിനോടും കര്‍ണാടകയോടും കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളോടാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം 30000ലേറെ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച്‌ യോഗം വിലയിരുത്തി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടാന്‍ കേന്ദ്രം തമിഴ്‌നാട്ടിനും കര്‍ണാടകയ്ക്കും നിര്‍ദേശം നല്‍കി.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയല്‍സംസ്ഥാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.