തിരുവനന്തപുരം: മാതാപിതാക്കള്‍ പെറ്റി അടയ്ക്കാത്തതിന്റെ പേരില്‍ മൂന്ന് വയസുകാരിയായ മകളെ കാറില്‍ തനിച്ചാക്കി താക്കോല്‍ ഊരിയെടുത്തു പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ഫെബ്രുവരി 23നാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ഷിബുകുമാറും ഭാര്യ അഞ്ജന സുരേഷും കുഞ്ഞും കാറില്‍ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും 1500 രൂപ പിഴയൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.
ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോൾ അതിവേഗതയില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
ദേഷ്യത്തില്‍ ഓടിവന്ന പൊലീസുദ്യോഗസ്ഥന്‍ കേസെടുത്ത് അകത്താക്കും എന്ന് ആക്രോശിച്ച് കൊണ്ട് കാറിന്‍റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി ഡോര്‍ ലോക്ക് ചെയ്ത് പൊലീസ് ജീപ്പിലേക്ക് നടന്നുപോയി. അപ്പോള്‍ കാറില്‍ തനിച്ചിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരി നിലവിളിക്കുന്നുണ്ടായിരുന്നു.
കുട്ടി കരയുന്നത് കണ്ടതോടെ തങ്ങള്‍ അവിടെ നിന്നും പൊലീസിനോട് മറ്റൊന്നും പറയാന്‍ നില്‍ക്കാതെ പോയെന്നും പിന്നീട് ഇതേ കുറിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് വെച്ച് വിട്ടുകളഞ്ഞതാണെന്നും ഷിബു പറഞ്ഞു. എന്നാല്‍ ആറ്റിങ്ങലില്‍ അച്ഛനും മകള്‍ക്കുമെതിരെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവം കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ടുവരാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.