കൊച്ചി: നാദിര്‍ഷയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവും ഉപദേശവുമായി പ്രശസ്ത മജീഷ്യന്‍ സാമ്രാജ്. കല എന്നത് മനുഷ്യ ഹൃദയങ്ങളെ സ്‌നേഹിപ്പിക്കുകയും ഒന്നിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ഉപാധിയാണ്. ഒപ്പം സമൂഹ നന്മയ്ക്കുള്ളതും. മറിച്ച് മനുഷ്യ മനസുകളെ ഭിന്നിപ്പിക്കാനുള്ള കാരണമാകരുത്. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് കലയുടെയും കലാകാരന്റെയും പരാജയമാണെന്നും സാമ്രാജ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'തന്റെ സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടതിലൂടെ ഒരു പാരഡി ഗാനം നിര്‍മ്മിക്കുന്ന ലാഘവത്തോടെ ഈശോ, കേശു എന്നൊക്കെ വിളിച്ച് ഒരു വലിയ ജന വിഭാഗത്തിന്റെ മനസിനെ നാദിര്‍ഷാ വൃണപ്പെടുത്തുകയല്ലേ ചെയ്യുന്നത് എന്ന് തിരിച്ചറിയുക. പേരിനോടൊപ്പം നോട്ട് ഫ്രം ദ ബൈബിള്‍ എന്നൊക്കെ ന്യായീകരിക്കുന്നുണ്ടെങ്കിലും ഈശോയുടെ പേര് ടൈറ്റിലില്‍ ഉപയോഗിക്കുന്നതിലൂടെ വിശ്വാസികളുടെ മനസില്‍ മുറിവുണ്ടാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല' - സാമ്രാജ് പറഞ്ഞു.
അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ വിശുദ്ധീകരണ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ഒരു പരിപാടി അവതരിപ്പിക്കണമെന്ന് തോന്നിയപ്പോള്‍ പല ക്രിസ്തീയ മത മേലധ്യക്ഷന്‍മാരുടെയും സന്യാസി സമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിച്ച് അവരുടെ അനുവാദം കിട്ടിയ ശേഷം മാത്രമാണ് താന്‍ ആ പരിപാടി അവതരിപ്പിച്ചത്.
അതുപോലെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന 'ശ്രീകൃഷ്ണ ഇലൂഷന്‍' എന്ന പരിപാടിയുമായി ബന്ധപ്പെട്ട സംഭവവും അദ്ദേഹം വിവിരിക്കുന്നു. 1996 ജനുവരി 26 ന് റിപ്പബ്ലിക് ഡേയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ വന്ന ചില ഹിന്ദു സംഘടനകള്‍ പരിപാടിക്ക് രണ്ടു ദിവസം മുമ്പ് സ്റ്റേ സമ്പാദിച്ചു. പരിപാടി മാറ്റി വച്ച് കോടതി കയറി. രണ്ടു മാസത്തെ വ്യവഹാരത്തിനു ശേഷം പരിപാടി അവതരിപ്പിക്കാനുള്ള ഉത്തരവ് കിട്ടി.
എന്നാല്‍ ഒരു വ്യക്തിയുടെയോ, ഒരു സമൂഹത്തിന്റെയോ മനസിലെ വികാരങ്ങളെ ഹനിക്കുന്ന ഒരു സംഗതിയും ഉണ്ടാകാന്‍ പാടില്ലെന്നു കരുതി ആ പരിപാടിയില്‍ താന്‍ നിന്നും സ്വയം പിന്‍മാറുകയായിരുന്നുവെന്നും മജീഷ്യന്‍ സാമ്രാജ് പറഞ്ഞു.
ഒരു വലിയ ജനവിഭാഗത്തിന്റെ ശരണ മന്ത്രമായ ഈശോ എന്നും യേശു ഈ വീടിന്റെ നാഥന്‍ എന്നുമൊക്കെയുള്ള പേരുകള്‍ വികലമായി ഉപയോഗിച്ച് തന്റെ സിനിമയുടെ പരസ്യമൂല്യം ഉയര്‍ത്താനുള്ള നാദിര്‍ഷായുടെ മാര്‍ക്കറ്റിംഗ് തന്ത്രമല്ലേ ഇതെന്ന് ചിലരെങ്കിലും ചിന്തിച്ചാല്‍ നമുക്ക് തെറ്റു പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജാതി, മത, വര്‍ഗ, വര്‍ണ വിവേചനം കൂടാതെ കലയെ നെഞ്ചോട് ചേര്‍ത്തു വച്ച് അനേകായിരം കലാകാരന്‍മാരെ വളര്‍ത്തിയെടുത്ത ഒരു മഹാ പ്രസ്ഥാനമായ ആബേലച്ചന്റെ കലാഭവനിലൂടെ വളര്‍ന്ന് വന്ന നാദിര്‍ഷയും ദിലീപും ജയസൂര്യയും ഈ ജന വിഭാഗത്തിന്റെ വികാരം മനസിലാക്കി പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷയും തന്റെ വീഡിയോയിലൂടെ മജീഷ്യന്‍ സാമ്രാജ് പങ്കു വയ്ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.