രാജ്യത്തെ ജിഡിപിയില്‍ വന്‍ കുതിപ്പെന്ന് എന്‍എസ്ഒ; വളര്‍ച്ച 20.1%

രാജ്യത്തെ ജിഡിപിയില്‍ വന്‍ കുതിപ്പെന്ന്  എന്‍എസ്ഒ; വളര്‍ച്ച 20.1%

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) വന്‍ കുതിപ്പെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്. 2021 ഏപ്രില്‍ ജൂണ്‍ മാസത്തിലെ ജിഡിപി വളര്‍ച്ച മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1% ആണ്. ത്രൈമാസകണക്കുകള്‍ ലഭ്യമായ തൊണ്ണൂറുകളുടെ പകുതിക്കു ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അവകാശപ്പെട്ടു.

2020-21ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ സാമ്പത്തി പാദത്തില്‍ കോവിഡ് മഹാമാരി മൂലം 24.4 ശതമാനത്തോളം ജിഡിപി ചുരുങ്ങുകയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്ക് പറയുന്നു.

കോവിഡ് മൂലമുള്ള സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യം തിരിച്ചു വരുന്നതിന്റെ സൂചനയാണിത്. ജിഡിപി 2020 ഏപ്രില്‍ ജൂണ്‍ കാലത്ത് 26.95 ലക്ഷം കോടി രൂപ ആയിരുന്നത് ഇപ്പോള്‍ 32.38 ലക്ഷം കോടിയായി. എന്നാല്‍ കോവിഡിനു മുന്‍പത്തെ നിലയിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരമുണ്ട്. 2019 ഏപ്രില്‍ ജൂണ്‍ കാലത്ത് 35.66 ലക്ഷം കോടിയായിരുന്നു ജിഡിപി.

പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഉല്‍പാദനവും ഉപഭോക്തൃ ചെലവില്‍ വന്ന ഉണര്‍വ്വും ആണ് ഈ രണ്ടാം കോവിഡ് തരംഗത്തിലും വളര്‍ച്ചയ്ക്ക് കാരണമായത്. 2021ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കടുത്ത ലോകഡൗണ്‍ ഉണ്ടായിരുന്നില്ല. കയറ്റുമതിയില്‍ ക്രമാനുഗതമായ വളര്‍ച്ച കൈവരിച്ചതും കാര്‍ഷികമേഖലയിലെ കരുത്തുറ്റ വളര്‍ച്ചയും ഈ സാമ്പത്തിക വര്‍ഷത്തെ വരും മാസങ്ങളില്‍ ജിഡിപി വളര്‍ച്ചയെ സഹായിക്കുമെന്ന് കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.