'നഗരത്തിന്റെ പിതാവ്, ലോകത്തിന്റെ സന്തോഷം': മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പ

'നഗരത്തിന്റെ പിതാവ്, ലോകത്തിന്റെ സന്തോഷം': മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പ

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 03

റോമന്‍ ഭരണകൂടത്തില്‍ ഉന്നത ഉദ്യോഗസ്ഥനായ ഗോര്‍ഡിയാനൂസിന്റെ മകനായി എ.ഡി 540 ല്‍ റോമിലാണ് ഗ്രിഗറിയുടെ ജനനം. സില്‍വിയാ പുണ്യവതി ആയിരുന്നു അമ്മ. 30 വയസ് തികയുന്നതിന് മുമ്പുതന്നെ സെനറ്ററായും റോമിലെ മുഖ്യ ന്യായാധിപനുമായും ഗ്രിഗറി സേവനം അനുഷ്ടിച്ചു. തുടര്‍ന്ന് അദ്ദേഹം ജോലിയും പദവികളും രാജിവച്ച് ഒരു സന്യാസിയായി.

തന്റെ വസ്തു വകകളെല്ലാം ഏഴ് ആശ്രമങ്ങള്‍ സ്ഥാപിക്കാനായി വിട്ടു കൊടുത്തു. സ്വന്തം ഭവനം ഒരു ആശ്രമമാക്കിമാക്കി മാറ്റുകയും ചെയ്തു. അതാണ് റോമിലെ വിശുദ്ധ ആന്‍ഡ്രൂസിന്റെ ആശ്രമം. പെലാജിയൂസ് ദ്വിതീയന്‍ മാര്‍പ്പാപ്പ കാലം ചെയ്തപ്പോള്‍ തന്റെ അമ്പതാമത്തെ വയസില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 590 മുതല്‍ 604 വരെയുള്ള കാലഘട്ടത്തില്‍ സഭയ്ക്ക് വേണ്ടി അനേകം നേട്ടങ്ങള്‍ കൈവരിച്ചു.

ഇംഗ്ലണ്ടിന്റെ ക്രിസ്തീയവല്‍ക്കരണത്തിന് ആ രാജ്യം ഗ്രിഗറി മാര്‍പ്പാപ്പയോട് കടപ്പെട്ടിരുന്നു. കാര്‍ക്കശ്യക്കാരായ ലൊംബാര്‍ഡുകള്‍ ആക്രമണത്തിലൂടെ യൂറോപ്പില്‍ ഒരു ദുര്‍സ്ഥിതി സൃഷ്ടിച്ച സാഹചര്യത്തില്‍ അവരെ വിജയകരമായി കൈകാര്യം ചെയ്യാന്‍ പോപ്പിന് കഴിഞ്ഞു.

റോം തന്നെ ആക്രമണ ഭീഷണിയിലായിരുന്നപ്പോള്‍ അദ്ദേഹം നേരിട്ട് ലൊംബാര്‍ഡ് രാജാവിനെ സന്ദര്‍ശിച്ചു. അതു പോലെ തന്നെ പുരോഹിതരുടെ വിശുദ്ധിയും, സഭയിലെ അച്ചടക്ക പരിപാലനവും, റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും, ആഗോളവിശ്വാസ സമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും, അദ്ദേഹം ഒരേ സമയം ഒരുപോലെ സംരക്ഷിച്ചിരുന്നു.

സഭാ കര്‍മ്മങ്ങള്‍ക്ക് പണം വാങ്ങുന്ന സമ്പ്രദായം അദ്ദേഹം വിലക്കി. ലൊംബാര്‍ഡുകള്‍ പിടിച്ചുവച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനും പീഢിതരായ യഹൂദന്മാരേയും പ്ലേഗും ക്ഷാമവും മൂലം കഷ്ടപ്പെടുന്നവരെയും ശുശ്രൂഷിക്കുന്നതിന് വേണ്ടി അദ്ദേഹം സ്വന്തം പണം ചിലവാക്കി. ഇപ്രകാരമുള്ള സല്‍ക്കര്‍മ്മങ്ങളാല്‍ അദ്ദേഹം 'നഗരത്തിന്റെ പിതാവ്, ലോകത്തിന്റെ സന്തോഷം' എന്ന നാമ വിശേഷണത്താല്‍ പ്രശംസിക്കപ്പെട്ടു.

ദേവാലയ ആരാധനാ പുസ്തക പരിഷ്‌ക്കരണമാണ് അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം. ഇന്ന് പള്ളികളില്‍ ചൊല്ലുന്ന പല മനോഹരമായ പ്രാര്‍ത്ഥനാ വരികളും ഗ്രിഗറി രചിച്ചവയാണ്. ''Gregorian Chant" (അതിസൂക്ഷ്മമായി ശാസ്ത്രീയമായി നിര്‍ണയിക്കപ്പെട്ട ലളിത ഗാനങ്ങള്‍) എന്നറിയപ്പെടുന്ന പ്രസിദ്ധ സ്തുതി ഗീതങ്ങള്‍, ക്രിസ്ത്യന്‍ സംഗീതത്തിന് പോപ്പ് ഗ്രിഗറി നല്‍കിയ വിലപ്പെട്ട സംഭാവനയാണ്.

മധ്യകാലഘട്ടത്തിലെ വിശ്വാസികളെ ഏറെ സ്വാധീനിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വേദപുസ്തക വ്യാഖ്യാനങ്ങള്‍. 604 മാര്‍ച്ച് 12ന് മഹാനായ പോപ്പ് ഗ്രിഗറി ദിവംഗതനായി. റോമിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണ് കബറിടം സ്ഥിതി ചെയ്യുന്നത്.

ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് രാജ്യങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, രക്തവാത രോഗികള്‍, കല്‍പ്പണിക്കാര്‍, സംഗീതജ്ഞന്മാര്‍, ഗായക സംഘങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പണ്ഡിതന്മാര്‍ എന്നിവരും പ്ലേഗ്, രക്തവാതം, ജ്വരം എന്നീ രോഗങ്ങള്‍ ബാധിച്ചവരും തങ്ങളുടെ മധ്യസ്ഥ സഹായകനായി വിശുദ്ധ ഗ്രിഗറിയെ വണങ്ങുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മൊന്തെകസീനോയിലെ അജു

2. ഇംഗ്ലണ്ടിലെ ബാലന്‍

3. ട്രെവെസു രൂപതയിലെ ബസിലിസാ

4. പൗരസ്ത്യരായ സേനോയും കാരിട്ടോണും

' അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26