ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി 'വെടിയുതിര്‍ത്ത്' ചെന്നിത്തല: താന്‍ കാലണ അംഗം; ഉമ്മന്‍ചാണ്ടി അങ്ങനെയല്ല, മാറ്റി നിര്‍ത്തരുത്

ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി  'വെടിയുതിര്‍ത്ത്' ചെന്നിത്തല: താന്‍ കാലണ അംഗം; ഉമ്മന്‍ചാണ്ടി അങ്ങനെയല്ല, മാറ്റി നിര്‍ത്തരുത്

കോട്ടയം : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ തന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. താന്‍ കാലണ അംഗമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി അങ്ങനെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. ഉമ്മന്‍ ചാണ്ടിയോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു.

കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ല. ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് നേതൃത്വത്തില്‍ നിന്നുണ്ടാകേണ്ടത്. 64 വയസുള്ള തന്നെ മുതിര്‍ന്ന നേതാവായി എന്ന് പറയുമ്പോള്‍, പറയുന്നവര്‍ക്ക് 75 വയസുണ്ടെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

പതിനേഴ് വര്‍ഷം താന്‍ നേതൃ സ്ഥാനത്തിരുന്നു. ഇഷ്ടമില്ലാത്തവരെ പോലും ഒന്നിച്ചു കൊണ്ടുപോയി. അധികാരത്തിലിരുന്നപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുകയാണ് ചെയ്തത്.

കെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ടുപോയ സമയത്താണ് താന്‍ കെപിസിസി പ്രസിഡന്റാകുന്നത്. അന്ന് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ്. 17 വര്‍ഷം തങ്ങള്‍ സ്ഥാനത്തിരുന്നപ്പോള്‍ മൂന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു നിയമസഭ തെരഞ്ഞെടുപ്പിലും അഞ്ച് നിയമസഭ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്.

പാര്‍ട്ടി വിട്ടുപോയ ലീഡര്‍ കെ കരുണാകരനെയും കെ മുരളീധരനേയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നതും തങ്ങള്‍ അധികാരത്തിലിരുന്ന കാലയളവിലാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്ത് പാര്‍ട്ടി താല്‍പ്പര്യത്തിനാണ് പ്രാധാന്യം നല്‍കിയത്.

ഇപ്പോള്‍ അച്ചടക്കത്തെപ്പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഇതെങ്കില്‍ എത്രപേര്‍ പാര്‍ട്ടിയിലുണ്ടാകുമായിരുന്നു എന്ന് ചെന്നിത്തല ചോദിച്ചു. എല്ലാവരും ഒരുമിച്ച് പോകുകയാണ് കോണ്‍ഗ്രസിന് ശക്തിയുണ്ടാകുക. കോട്ടയം ജില്ലയിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകരുടെ വികാരമാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു.

സന്നിഗ്ധ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരുമിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഇത് റിലേ മല്‍സരമൊന്നുമല്ല. ഒരുമിച്ചു നിന്ന് കൊണ്ടു പോരാടേണ്ട സന്ദര്‍ഭത്തില്‍ ഐക്യത്തിന്റെ പാത സ്വീകരിക്കുക എന്നുള്ളതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതല എടുക്കുന്ന ചടങ്ങി പ്രസംഗിക്കവേയാണ് ചെന്നിത്തല കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുത്തില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

എന്നാല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിന് മുന്‍പാണ് ഇരുവരെയും വിളിച്ചത്. ഉമ്മന്‍ചാണ്ടി ഫോണ്‍ എടുത്തില്ല. രമേശ് ചെന്നിത്തല ഫോണില്‍ സംസാരിച്ചതായും സതീശന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.