'ഞാന്‍ പരിക്കേറ്റ് വീട്ടിലും അവര്‍ക്ക് ശമ്പളവും'; നഗരസഭാ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ അല്‍ഫോന്‍സ

'ഞാന്‍ പരിക്കേറ്റ് വീട്ടിലും അവര്‍ക്ക് ശമ്പളവും'; നഗരസഭാ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ അല്‍ഫോന്‍സ


തിരുവനന്തപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മീന്‍കുട്ട തട്ടിത്തെറിപ്പിച്ച ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടിക്കെതിരെ മത്സ്യവില്‍പ്പനക്കാരിയായ അല്‍ഫോന്‍സ. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അല്‍ഫോന്‍സ ആവശ്യപ്പെട്ടു.

സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് കഴിഞ്ഞ ദിവസമാണ് നഗരസഭ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി അല്‍ഫോന്‍സ രംഗത്തെത്തിയത്.രണ്ട് കൈക്കും പരിക്ക് പറ്റിയതിനാല്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരിക്കുകയാണ്. അപ്പോഴാണ് അവര്‍ ശമ്പളം വാങ്ങുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് അല്‍ഫോന്‍സ പറയുന്നു.

അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും ജീവനക്കാരുടെ അപേക്ഷ കണക്കിലെടുത്തുമാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനമെന്നാണ് നഗരസഭയുടെ വിശദീകരണം. സസ്പെന്‍ഷന്‍ കാലയളവ് അര്‍ഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് മീന്‍ കച്ചവടം നടത്തുകയായിരുന്ന അല്‍ഫോന്‍സയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മീന്‍ വില്‍പ്പന നടത്തി എന്ന് ആരോപിച്ചായിരുന്നു അല്‍ഫോന്‍സ വില്‍പ്പനയ്ക്കെത്തിച്ച മത്സ്യം നഗരസഭ അധികൃതര്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തത്.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനൊടുവിലാണ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി നഗരസഭ അറിയിച്ചത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക്ക് ഇസ്മായില്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.