തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെ ചൊല്ലി ഇടഞ്ഞ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്ക് തയ്യാറാകാത്തത് സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി കൂട്ടുന്നു.
താരിഖ് അന്‍വര്‍ അടക്കമുള്ള കേന്ദ്ര നേതാക്കള്‍ വഴി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങള്‍ തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച കോട്ടയത്ത് പുതിയ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നിലനില്‍ക്കെ രമേശിന്റെ ഭാഗത്ത് നിന്നുണ്ടായ വിമര്‍ശനം അനുനയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്യവിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്തുവന്നപ്പോഴും കാര്യമായി പ്രതികരിക്കാതെ മാറിനില്‍ക്കുകയായിരുന്നു രമേശ് ചെന്നിത്തല. ആ ഘട്ടത്തില്‍ രമേശ് ശക്തിയോടെ നിലയുറപ്പിച്ചില്ലെന്ന പരാതി എ ഗ്രൂപ്പിനുണ്ടായിരുന്നു. ഇന്നലെ ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തു വച്ചുതന്നെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച രമേശ്, എ ഗ്രൂപ്പിനെയും തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്.
സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങളെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നേരിടുന്നതിന്റെ സൂചനയായാണ് രമേശിന്റെ പ്രതികരണം വ്യാഖ്യാനിക്കപ്പെടുന്നത്. രമേശിനെ വേദിയിലുണ്ടായിരുന്ന എ ഗ്രൂപ്പ് പ്രമുഖന്‍ കെ.സി. ജോസഫും പിന്തുണച്ചു.
കണ്ണൂരിലെ ഡി.സി.സി മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈനായി ആശംസ നേര്‍ന്നെങ്കിലും അവിടെ വച്ച് കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഗ്രൂപ്പ് നേതൃത്വങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനം താഴെത്തട്ടിലുള്ള ഗ്രൂപ്പണികളെ പരസ്യമായി രംഗത്തുവരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് രമേശ് തന്നെ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന നേതൃത്വത്തിന് കളം നേരെയാക്കാന്‍ സാവകാശമുണ്ടെന്ന് തിരിച്ചറിയുന്ന ഹൈക്കമാന്‍ഡ് അതിനാല്‍ അവര്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. എങ്കിലും ശേഷിക്കുന്ന പുനസംഘടനാ നടപടികളില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ തഴയുന്നില്ലെന്ന് വരുത്താനുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിന് തിരുവനന്തപുരത്തെത്തും. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായെല്ലാം അദ്ദേഹം ചര്‍ച്ച നടത്തും.
പുതുതായി ചുമതലയേറ്റ ഡി.സി.സി പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ശില്‍പശാലയുടെ ഉദ്ഘാടനം എട്ടിന് താരിഖ് അന്‍വര്‍ നിര്‍വ്വഹിക്കും. താരിഖിന് പുറമേ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹന്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥ് പെരുമാള്‍ എന്നിവരും എത്തുന്നുണ്ട്. ഇവരും പ്രധാന എ, ഐ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.