ഈ 'ഹോം'മിലെ എല്ലാവരും എന്റെ വീട്ടിലുണ്ട്, ഇത് എന്റെ കഥ !

ഈ 'ഹോം'മിലെ എല്ലാവരും എന്റെ വീട്ടിലുണ്ട്, ഇത് എന്റെ കഥ !

വീടിനെപ്പറ്റിയുള്ള ഓര്‍മകളും നൊസ്റ്റാള്‍ജിയയും ഉള്ളില്‍ വന്നു നിറയാതെ റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഹോം'കണ്ടിരിക്കാനാവില്ല. 'ഐ ആം ഇംപെര്‍ഫെക്ട് ഇന്‍ മൈ ഹോം' എന്ന ഈ സിനിമയിലെ ഒരു ഡയലോഗ് വീട് എന്ന സ്പേസിനെ കുറിച്ച് ഒരുപാട് പേര്‍ക്കെങ്കിലുമുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും മെല്ലെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

ചെറുപ്പക്കാരായ മക്കളും പ്രായമേറുന്ന മാതാപിതാക്കളും തമ്മിലുണ്ടാകുന്ന അകലം, മറ്റുള്ള ആരെ അംഗീകരിച്ചാലും സ്വന്തം മാതാപിതാക്കളോട് മാത്രം തോന്നുന്ന ഒരുതരം അകല്‍ച്ച ഇവയെല്ലാം എന്റെ വീട്ടിലെ കഥയും കഥാപാത്രങ്ങളും അല്ലേ എന്ന് ഓരോ നിമിഷവും തോന്നിപ്പോകുന്നു. കഥാപാത്രങ്ങള്‍ കുടുബാംഗങ്ങളാകുന്ന നിമിഷം.


ജനറേഷന്‍ ഗ്യാപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇക്കാലത്ത് കണക്കാക്കുന്നത് സ്മാര്‍ട്ഫോണുകളും സോഷ്യല്‍ മീഡിയയുമാണ്. പഴഞ്ചനായി പോകാതിരിക്കുക, മക്കളുമായി കൂടുതല്‍ കണക്ട് ചെയ്യാന്‍ അവരുടെ ലോകത്തിലേക്ക് കൂടി കടന്നുചെല്ലുക എന്നിങ്ങനെ മധ്യവയസ്‌കരായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ഒരുപിടി കാര്യങ്ങള്‍ കൂടി ഹോം കാണിച്ചു തരുന്നു.

ഹോമിന്റെ നെടുംതൂണ്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റാണ്. ഈ പേരിന് പിന്നിലെ കഥ സിനിമയില്‍ പറയുന്നുണ്ട്. നമുക്ക് ഏറെ പരിചയമുള്ള മനുഷ്യനാണ് ഒലിവര്‍. വളരെ സാധുവും സാധാരണക്കാരനുമായ ഒരാള്‍. എക്‌സ്ട്രാ ഓര്‍ഡിനറി കാര്യങ്ങളൊന്നും ജീവിതത്തില്‍ ചെയ്യാത്തതുകൊണ്ട് ആത്മകഥയെഴുതാന്‍ പോയാല്‍ അരപേജ് പോലും എത്തില്ലല്ലോയെന്ന് മക്കള്‍ വരെ കളിയാക്കുന്ന ഒരു സാധാരണക്കാരന്‍.


'ഇന്ദ്രന്‍സ് എന്തൊരു നടനാണ്' എന്ന് തോന്നിപ്പിക്കും വിധം അത്രയും മനോഹരമായാണ് ഒലിവര്‍ ട്വിസ്റ്റിനെ അദ്ദേഹം ചെയ്തിരിക്കുന്നത്. മക്കളോടും കുടംബത്തോടുമുള്ള സ്‌നേഹവും മകന്റെ നേട്ടത്തില്‍ തോന്നുന്ന അഭിമാനവും പിന്നീട് മകന്‍ പറയുന്ന ചില വാക്കുകള്‍ സൃഷ്ടിക്കുന്ന സങ്കടവും അപകര്‍ഷതാ ബോധവും അവസാനം മറ്റുള്ളവര്‍ തന്നെ മനസിലാക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ തോന്നുന്ന സന്തോഷവുമൊക്കെ ഇത്രയും സ്വാഭാവികമായി എങ്ങനെയാണ് ഒരു നടന് അവതരിപ്പിക്കാന്‍ കഴിയുന്നതെന്ന് സിനിമ കണ്ടു കഴിയുമ്പോള്‍ നമ്മള്‍ ആലോചിച്ചു പോകും.

ഒലിവറിനൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നതിന് കാരണം തിരക്കഥയ്ക്കും കഥാപാത്ര സൃഷ്ടിക്കുമൊപ്പമോ അതിനൊരുപടി മുകളിലോ ആയി ഇന്ദ്രന്‍സ് എന്ന നടന്‍ തന്നെയാണ്. സിനിമയിലെ അവസാന രംഗങ്ങള്‍ ആനന്ദാശ്രുക്കളും കണ്ടുപഴകിയ ഫോര്‍മാറ്റുകളും കൊണ്ട് നാടകീയതയിലേയ്ക്ക് വഴുതാന്‍ തുടങ്ങുമ്പോള്‍ രക്ഷകനായെത്തുന്നതും ഇന്ദ്രന്‍സ് തന്നെയാണ്. ഡയലോഗുകളൊന്നുമില്ലാതെ സൂക്ഷ്മമായ ഭാവങ്ങള്‍കൊണ്ട് അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ എല്ലാ നാടകീയതയകളെയും മറന്ന് സിനിമയില്‍ ഉള്‍ച്ചേര്‍ന്ന് ആസ്വദിക്കാന്‍ പ്രേക്ഷകന് തുണയാകുന്നു.


സങ്കടം അടക്കിപ്പിടിച്ച് വീടിന്റെ ഗേറ്റിനരികിലേക്ക് നീങ്ങി ഇരുട്ടില്‍ ശൂന്യതയിലേയ്ക്ക് നോക്കി നില്‍ക്കുന്ന ഒരു രംഗമുണ്ട് പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തില്‍ എത്രയോ തവണ കടന്നു പോയ നിമിഷങ്ങള്‍. ഒറ്റ വാക്കുകൊണ്ട് ഭാര്യയുടെ തൊഴിലിന്റെ മഹത്വം ലോകത്തോട് ശാന്തമായി വിളിച്ചു പറഞ്ഞ നിമിഷവും അങ്ങനെ മനസില്‍ തൊട്ട 'ഇന്ദ്രന്‍സ് നിമിഷങ്ങള്‍' ഏറെയാണ്. എവിടെയൊക്കെയോ സ്വന്തം പിതാവിനെ ഓര്‍മ്മിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍.

ഒലിവര്‍ ട്വിസ്റ്റെന്ന കഥാപാത്രവും അയാളുടെ വയസായ അച്ഛനും തമ്മിലുള്ള ബന്ധവുമാണ് ചിത്രത്തില്‍ ഏറ്റവും ആഴത്തിലും സൂക്ഷ്മവുമായി അവതരിപ്പിച്ചിരിക്കുന്നതായി തോന്നിയത്. വീണ്ടുമൊരിക്കല്‍ കൂടി കാണുമ്പോള്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നതും ഇതേ കാര്യം തന്നെയാണ്. പഴയ തലമുറയെന്ന് നാം പലപ്പോഴും നിസാരമായി പറയുന്ന ആ ബന്ധത്തിന്റെ ഇഴയടുപ്പം എത്ര ആഴത്തിലുള്ളതാണ്.


ചില ഇംഗ്ലിഷ് വാചകങ്ങള്‍ മാത്രമാണ് ഈ അപ്പാപ്പന്‍ കഥാപാത്രം ചിത്രത്തിലുടനീളം സംസാരിക്കുന്നത്. തുടക്കം മുതല്‍ അവസാനം വരെ ഹോം ഇന്ദ്രന്‍സിന്റെ, ഒലിവര്‍ ട്വിസ്റ്റിന്റെ കഥയാണ്. കൂടാതെ മഞ്ജു പിള്ളയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുട്ടിയമ്മ.

ഹോം എന്ന സിനിമയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് തുടക്കം മുതല്‍ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യേകിച്ച് വിജയ് ബാബുവിന്റെ കഥാപാത്രത്തിലൂടെ പറയുന്നുണ്ട്. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും മനുഷ്യരെ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നും എങ്ങനെയാണ് ഡിസ്‌കണക്ട് ചെയ്യുന്നതെന്നും അത് ഉപേക്ഷിക്കലോ ഉപയോഗം കുറക്കലോ ആണ് നമ്മളെല്ലാവരും ചെയ്യേണ്ടതെന്നുമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്.


പക്ഷെ ഈ ഒരു ഉപദേശത്തിന് മുകളില്‍ വ്യക്തികളും പ്രായവും ബന്ധവും മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളും സ്‌നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനുമുള്ള ആഗ്രഹവുമൊക്കെ സിനിമ പതിയെ പതിയെ കാണിച്ചു തരുന്നുമുണ്ട്.

മലയാള സിനിമ യുവ നടന്മാരില്‍ നിന്നും സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും മാറി നടക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് അടുത്ത കാലത്ത് വന്ന നിരവധി ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സിലേക്കാണ് മുഴുവന്‍ ശ്രദ്ധയും പോകുന്നതെങ്കിലും മറ്റ് അഭിനേതാക്കളെല്ലാം മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ആഴത്തില്‍ പഠിച്ചുകൊണ്ടു തന്നെയാണ് ഹോമിലെ ഓരോ കഥാപാത്രങ്ങളെയും വാര്‍ത്തെടുത്തിരിക്കുന്നത്.


അതേസമയം സിനിമയില്‍ കൗതുകകരമായി തോന്നിയ മറ്റ് ചില കാര്യങ്ങളും ഉണ്ട്. വീടിനും ഇന്റിരീയര്‍ വര്‍ക്കിനും വലിയ പ്രാധാന്യമാണ് ഹോമില്‍ നല്‍കിയിരിക്കുന്നത്. ഹോമിലെ വീട് നമ്മെ കൊതിപ്പിക്കും. സിനിമ കണ്ടു കഴിയുമ്പോള്‍ അങ്ങനെ ഒരു വീട്ടില്‍ താമസിക്കണം, അല്ലെങ്കില്‍ ഇപ്പോഴുള്ള വീട്ടില്‍ അത്തരം മാറ്റങ്ങള്‍ വരുത്തണമെന്നെങ്കിലും തോന്നാത്തവര്‍ ഉണ്ടോയെന്ന് സംശയമാണ്.

സ്വന്തം മക്കളല്ലാത്തവരും പപ്പ, ഡാഡി, മമ്മി, അമ്മ എന്നിങ്ങനെ കഥപാത്രങ്ങളെ വിളിക്കുന്നതും കണ്ടു മറന്ന, കേട്ട് പഴകിയ നമ്മുടെ പഴയകാലത്തേക്ക് ഒരു ഊളിയിടലാണ്. ബന്ധങ്ങളുടെ ഇഴയടുപ്പം വ്യക്തമാക്കുന്നതായിരുന്നു ഈ വിളികള്‍.


സിനിമയിലെ വിജയ് ബാബുവിന്റെ സൈക്കോളജിസ്റ്റ് കഥാപാത്രവും ഒലിവര്‍ ട്വിസ്റ്റും ചേര്‍ന്ന് മെന്റല്‍ ഹെല്‍ത്തിനെയും മാനസികമായി പ്രയാസം നേരിടുമ്പോള്‍ മെഡിക്കല്‍ ഹെല്‍പ് തേടുന്നതിനെയും നോര്‍മലൈസ് ചെയ്തിരിക്കുന്നതും എടുത്തു പറയേണ്ടതാണ്. പഴയ തലമുറയിലും പുതിയ തലമുറയിലുമൊക്കെ മെന്റല്‍ ഹെല്‍ത്തിനെ ഭ്രാന്ത് എന്ന ഒരൊറ്റ ലേബലില്‍ കാണുന്നതിനെ സിനിമ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. അതിനെ എങ്ങനെയാണ് കാണേണ്ടതെന്നും കുറെയൊക്കെ വ്യക്തമായി പറയുന്നുണ്ട്.

സിനിമ തുടങ്ങി അവസാനിക്കും വരെ സമയത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. നുറുങ്ങ് നര്‍മ്മങ്ങളിലൂടെ ആദ്യം തന്നെ റോജിന്‍ പ്രേക്ഷകരെ കൈയിലെടുക്കുന്നു. ഒലിവര്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്നു. ഒലിവര്‍ മാത്രമല്ല ഓരോ കഥാപാത്രങ്ങളും. സിനിമയുടെ അവസാനം ഇന്ദ്രന്‍സിന്റെ ഉള്ളു നിറയ്ക്കുന്ന ഒരു പുഞ്ചിരിയുണ്ട്. അത് ഉറക്കം മാറ്റി വച്ച് സിനിമ കണ്ട് തീര്‍ത്ത പ്രേക്ഷകന്റെ ഹൃദയം നിറയ്ക്കുന്നതാണ്. ഇന്ദ്രന്‍സ് ഒരു ഫ്രെയിമില്‍ പോലും അഭിനയിക്കുന്നില്ല, അദ്ദേഹം ഒലിവര്‍ ട്വിസ്റ്റായി ജീവിക്കുകയാണ്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായി ഒലിവര്‍ ട്വിസ്റ്റിനെ അടയാളപ്പെടുത്താം.


ഒലിവര്‍ ട്വിസ്റ്റിന്റെ അച്ഛന്‍ കഥാപാത്രമായ കൈനകരി തങ്കരാജിന്റെ കഥാപാത്രം കൈയ്യടി അര്‍ഹിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലെ ആഴം ഒലിവറും അപ്പച്ചനും തമ്മിലുള്ള ബന്ധത്തില്‍ കാണാം. വിദ്യാസമ്പന്നയായ ഭാര്യയെ ജോലിക്ക് വിടാത്തതാണ് പെരുമ എന്ന് അഭിമാനിക്കുന്നവരെ നിശബ്ദമാക്കുന്നതാണ് ഒലിവറും ഭാര്യ കുട്ടിയമ്മയും തമ്മിലുള്ള ബന്ധം. മഞ്ജുപിള്ള അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ് ചിത്രത്തില്‍. കുട്ടിയമ്മ എന്ന കഥാപാത്രം ആ കൈകളില്‍ ഭദ്രമായിരുന്നു. കാസ്റ്റിംഗില്‍ റോജിന്‍ പുലര്‍ത്തിയ കൃത്യതയാകാം ചിത്രത്തെ ഇത്രത്തോളം പ്രേക്ഷകരോട് അടുപ്പിക്കുന്നത്.
ഒലിവറിനേയും മൂത്തമകന്‍ ആന്റണിയേയും കുറിച്ച് പറയാതെ വയ്യ. കാരണം സിനിമ പൂര്‍ണമായും ഇവരിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതത്തില്‍ നടന്ന ഒരു അസാധാരണ സംഭവത്തെ മകന്റെ മുന്നില്‍ വലിയ കാര്യമായി ഒലിവര്‍ അവതരിപ്പിക്കുന്നെങ്കിലും ആന്റണിക്ക് അതൊരു കെട്ടുകഥയായിട്ടാണ് അനുഭവപ്പെടുന്നത്. പക്ഷെ, ഒടുവില്‍ ആന്റണിയിലുണ്ടാകുന്ന തിരിച്ചറിവ് കരിയറിലും ജീവിതത്തിലും തനിക്ക് സംഭവിച്ച തെറ്റുകളെ തന്‍മയത്തത്തോടെ തിരുത്താന്‍ വഴിയൊരുക്കുന്നു.

ജോണി ആന്റണിയും, പുതുമുഖം ദീപ തോമസും ശ്രീകാന്ത് മുരളിയും കെപിഎസി ലളിതയും അനൂപ് മേനോനും വിജയ് ബാബുവും മണിയന്‍പിള്ള രാജുവും ഉള്‍പ്പെടെ ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പേസും പ്രാധാന്യവും റോജിന്‍ നല്‍കിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സ്വന്തം ജീവിതവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് കഥാപാത്ര സൃഷ്ടിയും അവതരണവും.


നമുക്ക് ചുറ്റുമുണ്ട്, നമ്മളിലുണ്ട് ഈ കഥയും കഥാപാത്രങ്ങളും എന്ന് തോന്നിപ്പിച്ചുകൊണ്ടേയിരിക്കുന്ന ചിത്രം. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിന്റെ ഗൗരവം ചോര്‍ന്ന് പോകാതെ നര്‍മ്മവും ഇമോഷന്‍സും ചേരുംപടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു. മക്കള്‍ക്ക് മുന്നില്‍ പഴഞ്ചനായി പോയ ജീവിതത്തില്‍ അസാധാരണമായി ഒന്നും അവകാശപ്പെടാനില്ലാത്ത ഒരച്ഛന്‍. അതാണ് ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ്. കാലത്തിനൊത്ത് മാറാത്തതു കൊണ്ട് ആകെയുണ്ടായിരുന്ന കച്ചവട സ്ഥാപനം പൊളിഞ്ഞത് പോലെ മൂത്തമകനും ഒലിവറും തമ്മിലുള്ള ബന്ധവും അകന്ന് പോകുന്നു.

സിനിമ കണ്ട് തീര്‍ക്കുമ്പോള്‍ കണ്ണ് നനയാത്തവരായി ആരും ഉണ്ടാകില്ല. അത്രത്തോളം മനസിനെ സ്പര്‍ശിക്കുന്നുണ്ട് ഒലിവര്‍ ട്വിസ്റ്റും കുടുംബവും. അപരിചിതരായ ഒരു കഥാപാത്രത്തേയും ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കില്ല. സിനിമ അവസാനിക്കുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും ഫോണ്‍ ഒന്ന് മാറ്റി വച്ച് അച്ഛനേയും അമ്മയേയും ചേര്‍ത്ത് പിടിച്ച് മനസ് നിറഞ്ഞ ഒരു ചിരി സമ്മാനിക്കാന്‍ ആഗ്രഹിച്ച് പോയ നിമിഷങ്ങള്‍. രണ്ടേമുക്കാല്‍ മണിക്കൂര്‍ സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിച്ച അനുഭവം സമ്മാനിച്ചതിന് സംവിധാകയന്‍ റോജിന് ഒരു ബിഗ് സല്യുട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.