കോവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍' ക്യാമ്പയിന്‍

കോവിഡ് പ്രതിരോധത്തിന് 'ബി ദ വാരിയര്‍' ക്യാമ്പയിന്‍

തിരുവനന്തപുരം:  കോവിഡ് പ്രതിരോധത്തിന് സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച 'ബി ദ വാരിയര്‍' ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു.

ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച്‌ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും ശാരീരിക അകലം പാലിച്ചും രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. എല്ലാ കാലവും നമുക്ക് ലോക്ക്ഡൗണിലേക്ക് പോകാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങള്‍. സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക എന്നിവയ്ക്കും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമുക്കോരോരുത്തര്‍ക്കും നിസ്വാര്‍ത്ഥരായ പോരാളികളാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.