രാജ്യത്ത് ആദ്യമായി കേരള പൊലീസില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍

രാജ്യത്ത് ആദ്യമായി കേരള പൊലീസില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരള പൊലീസില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ നിലവില്‍ വരുന്നു. സൈബര്‍ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ആരംഭിക്കുക.

എന്നാൽ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയായിരിക്കും കേരളാ പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡാര്‍ക്ക് വെബില്‍ ഫലപ്രദമായി പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ രീതിയില്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പൊലീസ് ഹാക്ക്-പി 2021 എന്നപേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡാര്‍ക്ക് വെബിലെ നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി ഹാക്കത്തോണിലൂടെ നിര്‍മ്മിച്ചെടുത്ത 'Grapnel 1.0' എന്ന സോഫ്റ്റ് വെയറിന്റെ പ്രോജക്‌ട് ലോഞ്ച് മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഡാര്‍ക്ക് വെബില്‍ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ പൊതുവെ പ്രയാസമാണ്. ഇതിന് പരിഹാരമായി വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ് വെയര്‍ പൊലീസിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കിയാല്‍ മാത്രമേ അവയെ ഇല്ലായ്മ ചെയ്യാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന് കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുവാനും സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.