അറിവിന്റെയും വിജ്ഞാനത്തിന്റെയും പ്രകാശരേണുക്കള്‍കൊണ്ട് അജ്ഞതയുടെ അന്ധകാരം തുടച്ചുനീക്കുന്ന ഗുരുസ്മരണയിലൂണരാന്‍ ഒരു അധ്യാപകദിനം കൂടി വരവായി. ഇന്ത്യയുടെ പ്രസിഡന്റും പ്രശസ്ത അധ്യാപകനുമായിരുന്ന ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിവസം നമുക്ക് നമ്മുടെ എല്ലാ അധ്യാപകരേയും നന്ദിയോടെ ഓര്‍ക്കുകയും സ്നേഹത്തോടെ ആദരിക്കുകയും ചെയ്യാം.
“നല്ല അധ്യാപകന്‍ പ്രവാചകനാണ്" എന്നു പറഞ്ഞത് ഭാരതംകണ്ട ശാസ്ത്രപ്രതിഭയും മുന്‍ രാഷ്ട്രപതിയുമായ എ.പി.ജെ അബ്ദുള്‍ കലാം ആണ്. താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയെപ്പറ്റിയുള്ള അധ്യാപകന്റെ പ്രവചനം ശരിയായിവരും എന്നതു പലരുടെയും അനുഭവമാണ്. “നന്നായി വരും" എന്ന ഗുരുവരം ശിരസിലേറ്റി നീങ്ങുന്ന ശിഷ്യഗണങ്ങള്‍ ഗുരുത്വം നല്‍കുന്ന പ്രകാശത്തിന്റെ കിരണങ്ങളാകും.
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നവരാണ് യഥാര്‍ഥ അധ്യാപകര്‍. നമ്മുടെ എല്ലാ അധ്യാപകരും നമ്മെ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്ന ഓര്‍മ്മയാകണം. അങ്ങനെ വീണ്ടും, വീണ്ടും ജീവിക്കാനും അതിജീവിക്കാനും പ്രചോദിപ്പിക്കുന്ന ആ ഗുരുസ്മരണയ്ക്കാണ് 'ഗുരുത്വം' എന്നു പറയുന്നത്. “താന്‍പോലും കണ്ടെത്താത്ത നവീനമായ തലങ്ങളിലേക്ക് കുട്ടിയെ നയിക്കുവാനുള്ള കഴിവാണ് ഒരു അധ്യാപകന്റെ മഹത്വം" എന്നാണ് ചിന്തകനായ തോമസ് ഗ്രും പറയുന്നത്.
'ഗുരു' എന്നാല്‍ ഇരുട്ടിനെ അകറ്റുന്നയാളാണല്ലോ. ഇരുട്ടിനെ അകറ്റുന്നത് പ്രകാശമാണ്. അതിനാല്‍ ഗുരു വെളിച്ചമാണ്. എല്ലാ ശിഷ്യരിലും കത്തിനില്‍ക്കുന്ന വെളിച്ചം. ആരിലെങ്കിലും ഈ വെളിച്ചം കെട്ടുപോകുമ്പോഴാണ് അവര്‍ “ഗുരുത്വം കെട്ടവരാ'കുന്നത്.
ജെയിംസ് എഡിസണ്‍ പറയുന്നതുപോലെ സ്വയം മെഴുകുതിരിയായി ഉരുകിത്തീര്‍ന്ന് കുട്ടികളുടെ മനസില്‍ അറിവിന്റെ വെളിച്ചമായലിയുന്ന നമ്മുടെ എല്ലാ ഗുരുസാന്നിധ്യങ്ങളേയും ഈ സുദിനത്തില്‍ നമ്മള്‍ നന്ദിയോടെ സ്മരിക്കുകയാണ്.
നമ്മില്‍ പലര്‍ക്കും വിദ്യാലയം വിട്ടിറങ്ങുമ്പോള്‍ നമ്മെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്ത ചില അധ്യാപകരോടെങ്കിലും മനസില്‍ അപ്രിയമുണ്ടായേക്കാം. എന്നാല്‍, ഒരു അധ്യാപകനും തന്റെ ഒരു വിദ്യാര്‍ഥിയോടും മനസില്‍ വിദ്വേഷം സൂക്ഷിക്കാനാവില്ല. വിദ്യാര്‍ഥിയോട് ഉള്ളില്‍ പകയില്ലാത്തവരാണ് അധ്യാപകര്‍! സ്വന്തം മക്കളേപ്പോലെ കരുതി അനേകായിരങ്ങള്‍ക്ക് ജീവിതപാഠങ്ങളോതിയോതി ആയുസുതീര്‍ക്കുന്ന ഗുരുപാദങ്ങളില്‍ ഈ ദിനത്തില്‍ നമ്മള്‍ വന്ദനമേകണം. ആരുമറി ഞ്ഞില്ലെങ്കിലും സ്വകാര്യമായ ഒട്ടനവധി ത്യാഗങ്ങളുടെയും ആത്മനൊമ്പരങ്ങളുടെയും നെരിപ്പോടിനു മുകളിലിരുന്നാണ് നമുക്കുമുമ്പില്‍ അവര്‍ നിത്യവും അക്ഷരപ്പുവായി വിരിയുന്നത്!
നല്ല സുഗന്ധമുള്ള പുക്കള്‍ കാഴ്ചയ്ക്കു സുന്ദരമാകണമെന്നില്ല. ചില പുക്കള്‍ കാണാന്‍ കൊള്ളാം. എന്നാല്‍, കാര്യത്തിനു കൊള്ളില്ല. ദുരക്കാഴ്‌ചയ്ക്ക് ഭംഗിയുള്ള പൂക്കളുടെ അടുത്തുചെല്ലുമ്പോള്‍ അഭംഗി തോന്നാം. പനിനീര്‍പ്പുവും കടലാസുറോസയുമൊക്കെ കൂര്‍ത്തുമൂര്‍ത്തമുള്ളുകള്‍ക്കു മുകളില്‍ വിടരുന്നതുപോലെ ചില അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ പാരുഷ്യവും ദേഷ്യവും കൂടുതല്‍ പ്രകടിപ്പിക്കും. എന്നാല്‍, പില്‍ക്കാലത്ത് നമ്മെ നാമാക്കിയത്, നമ്മുടെ പരിശ്രമങ്ങള്‍ക്ക് റോസാപ്പൂവിന്റെ സന്ദര്യം ലഭിച്ചത്, അത്തരം അധ്യാപകരുടെ ശാസനയും ശിക്ഷണവും കൊണ്ടാണെന്ന് നാം തിരിച്ചറിയും.
പ്രിയ കൂട്ടുകാരേ, പഠിക്കുന്ന കാലത്തല്ല, ജീവിക്കുന്ന കാലത്താണ് നമ്മെ പഠിപ്പിച്ച അധ്യാപകരുടെ അനുഗ്രഹം നമ്മള്‍ അനുഭവിക്കുന്നത്. നമ്മളെ പഠിപ്പിക്കുന്ന എല്ലാവരും ഗുരുത്വത്തിന്റെ വിതരണക്കാരായിരുന്നുവെന്ന് അറിയുന്നതും പഠനശേഷമാണ്. നമുക്ക് ഗുരുപൂജ ശീലമാക്കാം. ജീവിതം ഗുരുത്വപ്രഭയാല്‍ പ്രഫുല്ലമാകട്ടെ.
മാര്‍ക് വാന്‍ ഡോര്‍സ് പറയുന്നതുപോലെ, 'അധ്യാപനം എന്ന കല, ഒരു പുതിയ ലോകം കണ്ടെത്തുന്നതിനെ സഹായിക്കുകയാണ്”. ഓരോ വിദ്യാര്‍ഥിയും ഓരോ പുതിയ ലോകമാണെന്ന തിരിച്ചറിവാണ് യഥാര്‍ഥ അധ്യാപകന്റെ അനുഭവം.
അനവധി വര്‍ഷങ്ങള്‍ ഹാജര്‍ബുക്കും പാഠപുസ്തകവും ചോക്കും പിടിച്ച് വിരല്‍ത്തഴമ്പു വന്നവർ, ആയിരക്കണക്കിനു വിദ്യാര്‍ഥികളെ മാത്രം സ്വപ്നംകണ്ടുറങ്ങിയവര്‍, പൊന്നാടകളോ പുമാലകളോ ലഭിക്കാതെ, ഒരായുസിന്റെ നിയോഗം നിറവേറ്റിയതിന്റെ മനംനിറഞ്ഞ സ്മരണകളുമായി ആരു മറിയാതെ വാര്‍ധക്യം തള്ളിനീക്കുന്നുണ്ടാവും. ഒരിക്കലും ഒരു സര്‍ക്കാരും അവാര്‍ഡൊന്നും നല്കിയില്ലെങ്കിലും ഒത്തിരി ബാല്യങ്ങളെ മൂല്യബോധത്തില്‍ ഉറപ്പിച്ചതിന്റെ ധന്യത ജീവിത വിജയമായിക്കാണുന്നവരാണവര്‍.
വിദ്യാഭ്യാസം ദിവ്യമായ ഒരു യജ്ഞമാണ്. ഗുരുഭക്തിയിലലിയുന്ന ശിഷ്യഹൃദയങ്ങളില്‍ ഗുരുത്വം വർഷിക്കപ്പെടുന്ന പവിത്രയജ്ഞമാണിത്. ഗുരുഭക്തിയാണ് ശിഷ്യന്റെ പുണ്യമാര്‍ഗം. എല്ലാ ഗുരുക്കന്മാർക്കും പാദവന്ദനം.
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍നിന്ന് എടുത്ത ഭാഗമാണിത്. പത്ത് വർഷം കൊണ്ട് എഴുതിയ ബുക്കാണിത്. സാഹിതി ഇന്റർനാഷണലിന്റെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം പ്രപഞ്ചമാനസത്തിന് ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v