ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘം മടങ്ങുന്നത് റെക്കോര്‍ഡുമായി. പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി കാഴ്ചവെച്ചത്. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയില്‍ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുന്‍പ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്‌സ് പ്രകടനം നാല് മെഡലുകളായിരുന്നു.
കഴിഞ്ഞ തവണ റിയോയില്‍ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാള്‍ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. ഷൂട്ടര്‍ അവാനി ലേഖരയാണ് ഇന്ത്യന്‍ സംഘത്തില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയത്. ഒരു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരം പാരാലിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം സ്വന്തമാക്കി.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്എച്ച് വിഭാഗത്തില്‍ വെങ്കലം നേടിയ അവാനി പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് വിഭാഗത്തില്‍ സ്വര്‍ണം നേടി.അവാനി തന്നെയാണ് സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക.
പുരുഷ ഷൂട്ടിംഗിലും ഇന്ത്യ ഇരട്ട മെഡല്‍ നേടി. സിംഗ് രാജ് ആണ് ഇരട്ട മെഡല്‍ നേട്ടത്തിലെത്തിയത്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലം നേടിയ താരം 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തില്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയ പ്രവീണ്‍ കുമാര്‍ ടി-64 ഹൈജമ്പില്‍ വെള്ളി നേടി.
ജാവലിന്‍ ത്രോ താരം സുമിത് അന്റിലാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചത്. പുരുഷന്മാരുടെ എഫ്-64 ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി എന്നതല്ല സുമിതിന്റെ സവിശേഷത. ലോക റെക്കോര്‍ഡോടെ മെഡല്‍ നേടി എന്നതുമല്ല. ആകെ അഞ്ച് ത്രോയില്‍ മൂന്നിലും ലോക റെക്കോര്‍ഡ് മറികടന്നു എന്നതാണ് ലോകത്തെ ഞെട്ടിച്ചത്.
ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോര്‍ഡ് തിരുത്തി. അവസാന ത്രോയില്‍ ആ റെക്കോര്‍ഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയില്‍ അദ്ദേഹം കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.