നിപ: കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളില്‍; അമ്മയ്ക്കും രോഗലക്ഷണം, റൂട്ട് മാപ്പ് പുറത്ത്, കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

നിപ: കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളില്‍; അമ്മയ്ക്കും രോഗലക്ഷണം, റൂട്ട് മാപ്പ് പുറത്ത്, കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. ഓഗസ്റ്റ് 27 ന് അയല്‍വാസികളായ കുട്ടികള്‍ക്ക് ഒപ്പം കളിച്ചു.

ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതല്‍ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്‌സ് സെന്‍ട്രല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ഓട്ടോയില്‍ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെ നിന്നും സെപ്റ്റംബര്‍ ഒന്നിന്് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളില്‍ അവിടെ തുടര്‍ന്നു.

നിപ മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം അവലോകന യോഗം ചേരും. മെഡിക്കല്‍ കോളേജിലെ ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്‌കില്‍ ഉള്ള 20 പേരുടെയും സാമ്പിള്‍ എന്‍വിഐയിലേക്ക് അയക്കും. മെഡിക്കല്‍ കോളേജ് പേ വാര്‍ഡ് ബ്‌ളോക് നിപ്പാ വാര്‍ഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കണ്‍ട്രോള്‍ റൂം തുറന്നു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗ ലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കും. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മൃഗ സംരക്ഷണ വകുപ്പ് അധികൃതരെ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍:
0483 2737 857
0483 2733 251
0483 2733 252
0483 2733 253


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.