വിദ്യാര്‍ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം; ടെക്‌സസില്‍ സ്‌കൂളുകള്‍ അടച്ചു

 വിദ്യാര്‍ഥികള്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം;  ടെക്‌സസില്‍ സ്‌കൂളുകള്‍ അടച്ചു

ഓസ്റ്റിന്‍: കോവിഡ് രൂക്ഷമായതിനെതുടര്‍ന്ന് ടെക്‌സസ് സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചുപൂട്ടി. ടെക്‌സസില്‍ ഉടനീളമുള്ള 45 സ്‌കൂള്‍ ഡിസ്ട്രിക്റ്റുകളില്‍ മുഖാമുഖമുള്ള ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ടെക്‌സസ് വിദ്യാഭ്യാസ ഏജന്‍സി അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ആദ്യ ആഴ്ചകളില്‍തന്നെയാണ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം മൂലം സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വന്നത്. 42,000 വിദ്യാര്‍ഥികളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. ഇതോടെ ഈ വര്‍ഷവും സാധാരണ നിലയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത മങ്ങി.

ഡെല്‍റ്റ വൈറസ് അതിവേഗം പടരുന്നതിനെ പ്രതിരോധിക്കാന്‍ ഈ വര്‍ഷം സകൂളുകള്‍ സജ്ജമല്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഹെയ്‌സ് കണ്‍സോളിഡേറ്റഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് വക്താവ് ടിം സവോയ് പറഞ്ഞു.

കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനം സ്‌കൂളുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അധിക ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു.

ഓഗസ്റ്റ് 23 മുതല്‍ 29 വരെയുള്ള ഒരാഴ്ച്ചയിലെ കണക്ക് പ്രകാരം ടെക്‌സസ് പബ്ലിക് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ 27,353 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസിന്റെ കണക്കുകള്‍ പറയുന്നു. ഇത് ഒരാഴ്ച്ചയ്ക്കിടയില്‍ കുട്ടികളിലെ ഏറ്റവും വലിയ വര്‍ധനയാണ്.

നോര്‍ത്ത് ടെക്‌സസ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള ഡിസ്ട്രിക്റ്റാണ് ഗാര്‍ലാന്‍ഡ്-വിദ്യാര്‍ത്ഥികളും സ്റ്റാഫും ഉള്‍പ്പെടെ 1,457 കേസുകള്‍. തൊട്ടുപിന്നില്‍ ഫ്രിസ്‌കോയാണ്-1,133 കേസുകള്‍.

അധ്യയന വര്‍ഷം ആരംഭിച്ചശേഷം സംസ്ഥാനത്ത് 51,904 വിദ്യാര്‍ത്ഥികള്‍ക്കും 13,026 ജീവനക്കാര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 5.3 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് വിവിധ സ്‌കൂളുകളിലായി പഠിക്കുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്ത വിധം കുട്ടികളുടെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഫോര്‍ട്ട് വര്‍ത്തിലെ കുക്ക് ചില്‍ഡ്രന്‍സ് ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ എമര്‍ജന്‍സി സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കോര്‍വിന്‍ വാര്‍മിങ്ക് പറഞ്ഞു.

സാധാരണ വര്‍ഷങ്ങളില്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികം വിദ്യാര്‍ഥികളാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്. ഇത്രയും കുട്ടികളെ പരിചരിക്കാനുള്ള സൗകര്യങ്ങള്‍ ആശുപത്രികളില്‍ അപര്യാപ്തമാണെന്നും ഡോ. കോര്‍വിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.