കോവിഡ് നിയന്ത്രണ ലംഘനം: പൊലീസും കളത്തിലിറങ്ങി; ബ്രസീല്‍-അര്‍ജന്റീന മത്സരം മാറ്റി വെച്ചു

കോവിഡ് നിയന്ത്രണ ലംഘനം: പൊലീസും കളത്തിലിറങ്ങി; ബ്രസീല്‍-അര്‍ജന്റീന മത്സരം മാറ്റി വെച്ചു

റിയോ ഡി ജനീറോ: കോവിഡ് പ്രോട്ടോക്കോൾ അർജന്റീനയുടെ കളിക്കാർ ലംഘിച്ചെന്നാരോപിച്ച് ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിൽ ഇറങ്ങി മത്സരം തടസപ്പെടുത്തിയത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. ഇന്നലെ രാത്രി നടന്ന ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് സംഭവം.

അർജന്റീനയുടെ കളിക്കാരായ എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. എറെനേരം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഫുട്ബോള്‍ ലോകം കാത്തിരുന്ന അര്‍ജന്റീന- ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിക്കാൻ ഫിഫ അധികൃതർ തീരുമാനിക്കുകയായിരുന്നു.

നേരത്തെ, ബ്രസീലുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച നാല് അർജന്റീന കളിക്കാരോട് ക്വാറന്റീനിൽ കഴിയാൻ ബ്രസീലിന്റെ ആരോഗ്യ ഏജൻസി ഉത്തരവിട്ടിരുന്നു.

ആസ്റ്റൺ വില്ല കളിക്കാരായ മാർട്ടിനെസ്, ബ്യൂണ്ടിയ ടോട്ടൻഹാം കളിക്കാരായ ലോ സെൽസോ റൊമേറോ എന്നിവർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കായി കളിക്കാൻ ബ്രസീലിൽ എത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം തിരിച്ചുവരുമ്പോൾ 10 ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി പ്രീമിയർ ലീഗ് കളിക്കാരെ അന്താരാഷ്ട്ര മത്സരത്തിന് വിട്ടയയ്ക്കാൻ അവരുടെ ക്ലബുകൾ ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

ഇവരോട് എത് രാജ്യത്ത് നിന്നാണോ വന്നത് അവിടെക്ക് തന്നെ മടങ്ങാൻ ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. എന്നാൽ ഇവർ കളിക്കളത്തിലേക്ക് ഇറങ്ങിയതോടെ ബ്രസീലിയൻ ആരോഗ്യ വകുപ്പ് അധികൃതർ ഗ്രൗണ്ടിലേക്ക് ഇറങ്ങി ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

അർജന്റീനയും അവരുടെ കളിക്കാരും ബ്രസീലിയൻ ഹെൽത്ത് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട മത്സരം ബ്രസീൽ വിജയിച്ചതായി ഫിഫ പ്രഖ്യാപിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.