നിപ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

നിപ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. പനി, ശര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ നിപ ബാധ കേന്ദ്രം നിരീക്ഷിച്ചു. സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു. കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ കണ്ണൂര്‍ ജില്ലയിലും അതീവ ജാഗ്രത വേണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.നാരായണ നായ്ക്. എന്‍95 മാസ്‌കിനു നിപ വൈറസിനെയും പ്രതിരോധിക്കാന്‍ കഴിയും. ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് തന്നെ ധരിക്കണം.

മൃഗങ്ങളില്‍ നിന്നു മൃഗങ്ങളിലേക്കു പകരുന്ന വൈറസാണു നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇതു മനുഷ്യരിലേക്കു പകരാനുള്ള സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കു രോഗം പകരാനും സാധ്യതയുള്ളതിനാല്‍ ആശുപത്രി ജീവനക്കാരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.