കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴു പേരുടെ സാമ്പിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ 20പേര്‍ ഉള്‍പ്പെടെ 188പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാം. സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങി. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്.
കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേര്‍ക്കാണ് നിലവില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടേതടക്കം ഏഴ് പേരുടെ സ്രവമാണ് പുണെയിലേക്ക് പരിശോധനയക്കയച്ചിട്ടുള്ളത്. 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകുമെന്നാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള, അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ട്രൂനാറ്റ് ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടക്കും. ഇതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനവും സംഘവും ഇന്ന് കോഴിക്കോടെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാകും സാമ്പിളുകള്‍ ശേഖരിക്കുക. വെറ്റിനറി ഡോക്ടര്‍മാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടാകും.
കുട്ടിയുടെ വീടിന് പരിസരത്ത് മാവൂര്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകള്‍ തുറക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. ഇന്നലെ അടച്ച റോഡുകള്‍ക്ക് പുറമെ ഇന്ന് കൂടുതല്‍ റോഡുകള്‍ കൂടി അടക്കും.
അതേസമയം, അവശ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളും ഏര്‍പ്പെടുത്തുന്നുണ്ട്. നിപ ചികില്‍സയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം ഇന്ന് മുതല്‍ തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.