കൊച്ചി: കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു..
വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്‌സ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീല്‍ഡ് വാക്‌സീന്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി.
2021 ജനുവരിയില്‍ വാക്‌സീനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. വാക്‌സീന്റെ ഗുണഫലം വര്‍ധിപ്പിക്കാനാണ് ഇടവേള വര്‍ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.
തങ്ങളുടെ ജീവനക്കാര്‍ക്ക് പെട്ടെന്ന് വാക്‌സീന്‍ നല്‍കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവന്‍ ജീവനക്കാര്‍ക്കുമായുള്ള വാക്‌സീന്‍ തങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നല്‍കുകയും ചെയ്തുവെന്നും എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്‌സീന്‍ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാല്‍ അടിയന്തരമായി രണ്ടാം ഡോസ് നല്‍കാന്‍ അനുമതി വേണം എന്നായിരുന്നു കിറ്റക്‌സിന്റെ ആവശ്യം.
84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റു പ്രൊഫഷണലുകള്‍ക്കും നിലവില്‍ 28 ദിവസത്തെ ഇടവേളയില്‍ വാക്‌സീന്‍ എടുക്കാന്‍ സാധിക്കും. രാജ്യത്തെ പൗരന്‍മാര്‍ക്ക് രണ്ട് തരം നീതി വാക്‌സീന്റെ കാര്യത്തില്‍ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്കെങ്കിലും 28 ദിവസത്തെ ഇടവേളയില്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുമതി നല്‍കണമെന്ന് വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.