ആശങ്ക കൂടുന്നു: പതിനൊന്ന് പേര്‍ക്ക് നിപ രോഗ ലക്ഷണം; സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍

ആശങ്ക കൂടുന്നു: പതിനൊന്ന് പേര്‍ക്ക് നിപ രോഗ ലക്ഷണം; സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍. ഇതില്‍ 11 പേര്‍ക്ക് നിപ്പ രോഗലക്ഷണമുണ്ട്. എട്ടുപേരുടെ സാമ്പിള്‍ എന്‍.ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുപേരുടെ സാമ്പിള്‍ ഇന്ന് അയയ്ക്കും. 38 പേര്‍ ഐസൊലേഷനിലാണ്.

കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ളത് 54 പേരാണ്. സമ്പര്‍ക്ക പട്ടികയിലെ 121 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. നിപ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യമറിയിച്ചത്.

രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. നാളെ മുതല്‍ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തും.നിലവില്‍ രോഗ ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ല. മെഡിക്കല്‍ കോളേജിലെ പരിശോധന ലാബ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ താമസ സ്ഥലം മൃഗ സംരക്ഷണ വകുപ്പ് സംഘം സന്ദര്‍ശിച്ചു. അവിടെ അടുത്ത് റംബുട്ടാന്‍ മരങ്ങളുണ്ട്. വവ്വാലിന്റെ സാന്നിധ്യവും ഉണ്ട്. പാതി കഴിച്ച റംബുട്ടാന്‍ പരിശോധനക്ക് എടുത്തിട്ടുണ്ട്. രോഗ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം ബുധനാഴ്ച എത്തും.

മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

മന്ത്രിമാരായ വീണാ ജോര്‍ജ്, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.