നിപ: എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ: എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം : കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ എട്ടുപേര്‍ക്കും രോഗമില്ലെന്ന് പരിശോധന ഫലം. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്  രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. 

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് പൂനെ വൈറോളജി ലാബിലേക്ക് അയച്ച എട്ടു സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രിയാണ് അറിയിച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ സാമ്പിളുകളാണ് പൂനെയില്‍ പരിശോധനയ്ക്ക് അയച്ചത്. ഏറെ ആശ്വാസകരമായ ഫലമാണ് ലഭിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്. വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.

കൂടുതല്‍ സാമ്പിളുകൾ ഇന്നു പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ച ലാബില്‍ ഇപ്പോള്‍ അഞ്ചു സാമ്പിളുകൾ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇതിന്റെ ആര്‍ടിപിസിആര്‍ ടെസ്റ്റിങ് പുലര്‍ച്ചെയാണ് ആരംഭിച്ചത്. ഇന്നു തന്നെ ഈ ഫലവും ലഭിക്കും.

എന്നാൽ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. ഹൈറിസ്‌ക് കോണ്‍ടാക്റ്റ് കാറ്റഗറിയില്‍പ്പെടുന്നവരാണ് ഇവര്‍. ഇവരില്‍ എട്ടുപേരുടെ പരിശോധനാഫലമാണ് ലഭിച്ചത്. അഞ്ചുപേരുടെ പരിശോധന കോഴിക്കോട് നടക്കുകയാണ്. ബാക്കിയുള്ളവരുടെ സാമ്പിളുകളും ഇന്നു പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.