മഴ കിട്ടാന്‍ പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തി: വീടുകള്‍ തോറും ഭിക്ഷാടനത്തിനെത്തിച്ചു; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍

മഴ കിട്ടാന്‍ പെണ്‍കുട്ടികളെ നഗ്‌നരാക്കി നടത്തി: വീടുകള്‍ തോറും ഭിക്ഷാടനത്തിനെത്തിച്ചു; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മിഷന്‍

ഭോപ്പാല്‍: മഴ ലഭിക്കാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി വീടുകള്‍ തോറും ഭിക്ഷാടനത്തിനെത്തിച്ച് ഗ്രാമവാസികള്‍. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ബുന്ദേല്‍ഖണ്ഡ് പ്രദേശത്തെ ബനിയ എന്ന ആദിവാസി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ ദേശീയ ബാലാവകാശ കമ്മിഷന്‍ (എന്‍സിപിസിആര്‍) റിപ്പോര്‍ട്ട് തേടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. തവളയെ കെട്ടിയിട്ടിരിക്കുന്ന മരത്തടിയും ചുമലില്‍ വച്ചാണ് അഞ്ച് വയസ് പ്രായമുള്ള ആറു പെണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിയത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു. ഘോഷയാത്രയായി നീങ്ങുന്ന ആള്‍ക്കൂട്ടത്തോടൊപ്പം ഭക്തിഗാനങ്ങള്‍ ആലപിച്ച് ഏതാനും സ്ത്രീകളുമുണ്ട്.

ഇപ്രകാരം വീടുവീടാന്തരം കയറിയിറങ്ങി ധാന്യങ്ങള്‍ ശേഖരിച്ച ശേഷം ഗ്രാമ ക്ഷേത്രത്തില്‍ നടക്കുന്ന സമൂഹസദ്യയ്ക്ക് നല്‍കുകയാണ് രീതി. ഈ സമയത്ത് ആചാര പ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ എത്തണം. എന്നാല്‍ മഴ ലഭിക്കുമെന്നാണ് വിശ്വാസം.

മഴ കുറയുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ ഇത് പതിവാണെന്നും പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അനുമതിയോടെയാണ് ആചാരമെന്നും ദാമോ പൊലീസ് മേധാവി ഡി.ആര്‍.തെനിവര്‍ പറഞ്ഞു. കുടംബക്കാര്‍ തന്നെയാണ് ഇതിന് മുന്‍കൈ എടുക്കുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പെണ്‍കുട്ടികളെ നഗ്‌നമായി നടക്കാന്‍ നിര്‍ബന്ധിച്ചെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെപ്പറ്റി ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.കൃഷ്ണ ചൈതന്യ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.