സഭയുടെ വളര്‍ച്ചയ്ക്കും ആത്മീയ ഉല്‍കര്‍ഷത്തിനും കുര്‍ബാനക്രമ ഏകീകരണം ഏറ്റവും അത്യാവശ്യം: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

സഭയുടെ വളര്‍ച്ചയ്ക്കും ആത്മീയ ഉല്‍കര്‍ഷത്തിനും കുര്‍ബാനക്രമ ഏകീകരണം ഏറ്റവും അത്യാവശ്യം: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

സഭയുടെ ഐക്യത്തിനും വളര്‍ച്ചയ്ക്കും ആത്മീയ ഉല്‍കര്‍ഷത്തിനും കുര്‍ബാനക്രമ ഏകീകരണം ഏറ്റവും അത്യാവശ്യമാണെന്ന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. സഭാ സിനഡിനെയും പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശത്തെയും ധിക്കരിക്കാനുള്ള നീക്കങ്ങള്‍ സമുദായത്തില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ വിതയ്ക്കും. ഇക്കാര്യത്തില്‍ പരിശുദ്ധ സിംഹാസനം തന്നെ വ്യക്തമായി മുന്നറിയിപ്പു നല്‍കുന്നുണ്ട്. നാം സ്വീകരിക്കേണ്ട നിലപാട് സിറോ മലബാര്‍ സഭ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വ്യക്തമാക്കിയിട്ടുണ്ട്.

സിറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമ നവീകരണം സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ വിവാദങ്ങളുണ്ടാക്കിയും സഭാധികാരികളെ സമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയും ചെയ്യുന്ന നടപടികള്‍ തികച്ചും വേദനാജനകമാണ്.

അനൈക്യം സൃഷ്ടിച്ചും സമൂഹ മാധ്യത്തിലൂടെയും മറ്റു വിധത്തിലും അരാജകത്വം സൃഷ്ടിക്കുന്ന പല നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ചെറുപ്പം മുതല്‍ വിശ്വാസികളായ നാം പഠിച്ച് അറിഞ്ഞിട്ടുള്ള ദൈവ വചന മാര്‍ഗം വിട്ടുപോകുന്നത് നമ്മെ നാശത്തിലേക്കു നയിക്കും.

ഹെബ്രായര്‍ ലേഖനം പതിമൂന്നാം അധ്യായം 17-ാം തിരുലിഖിതം ഉദ്ധരിച്ചുകൊണ്ടാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ കുര്‍ബാന ക്രമ നവീകരണം സംബന്ധിച്ച വിവാദങ്ങള്‍ക്കു മറുപടി നല്‍കിയത്.

'നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും'.

കുര്‍ബാന ക്രമ നവീകരണം സംബന്ധിച്ച് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ചുവടെ ചേര്‍ക്കുന്നു:



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.