ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ കപ്പലില്‍ നുഴഞ്ഞുകയറിയ കടല്‍ക്കൊള്ളക്കാര്‍ സെക്കന്‍ഡ് എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി. കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. പഞ്ചാബ് സ്വദേശി പങ്കജ് കുമാറിനെയാണ് (31) നാലംഗ സായുധ സംഘം ബോട്ടില്‍ കടത്തിക്കൊണ്ടുപോയത്.
എതിര്‍ക്കാന്‍ ശ്രമിച്ച ചീഫ് ഓഫിസറും ഉത്തരാഖണ്ഡ് സ്വദേശിയുമായ വികാസ് നൗരിയാലിനും (48) കുക്കും ബംഗാള്‍ സ്വദേശിയുമായ സുനില്‍ ഘോഷിനും (26) വെടിയേറ്റു. ഇരുവരും അപകടനില തരണം ചെയ്തതായി ചീഫ് എന്‍ജിനീയര്‍ കൊരാക് ശര്‍മ പറഞ്ഞു. മലയാളികളായ കണ്ണൂര്‍ മരക്കാര്‍കണ്ടി 'ശ്രീസുകുമ'ത്തില്‍ ദീപക് ഉദയരാജന്‍ (31), കൊച്ചി പുതുവൈപ്പ് ഓച്ചന്‍തുരുത്ത് കാട്ടുകണ്ടത്തില്‍ ഷായല്‍ സേവ്യര്‍ എന്നിവരടക്കമുള്ള ബാക്കി ജീവനക്കാര്‍ സുരക്ഷിതരാണ്. അന്വേഷണം നടക്കുന്നതിനാല്‍ ഇവര്‍ ഗാബോണ്‍ തീരത്തു കപ്പലില്‍ തുടരുകയാണ്.
മുംബൈയിലെ പ്രിന്‍സ് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ 'എംവി ടാംപെണ്‍' എന്ന കപ്പല്‍ കാമറൂണില്‍ നിന്നു കഴിഞ്ഞമാസം 26നാണ് നമീബിയയിലേക്ക് യാത്ര ആരംഭിച്ചത്. എന്നാല്‍, സാങ്കേതികതടസ്സം മൂലം ഗാബോണിലെ ഒവെന്‍ഡോ തുറമുഖത്തിനു പുറത്ത് 31ന് നങ്കൂരമിട്ടു. റിഗ്ഗുകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കപ്പലായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് അര്‍ധരാത്രി കൊള്ളക്കാര്‍ ബോട്ടിലെത്തി ഗോവണി വച്ച് കപ്പലില്‍ കയറുകയായിരുന്നു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അകത്തുകടന്ന സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി മേല്‍ത്തട്ടിലെത്തിക്കുകയും പങ്കജിനെ പുറത്തു കിടന്ന ബോട്ടിലേക്കു തള്ളിയിടുകയുമായിരുന്നു. എതിര്‍ത്തപ്പോഴാണ് വികാസിനും സുനില്‍ ഘോഷിനും വെടിയേറ്റത്. രാത്രി മുതല്‍ തുറമുഖ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പുലര്‍ച്ചെ 6.20നാണ് സഹായമെത്തിയതെന്ന് ഇവര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.